കാഷ്യു ഫാക്ടറികളിൽ പച്ചക്കറി വിളവെടുപ്പ്

Sunday 04 September 2022 1:18 AM IST

കൊല്ലം: ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായി കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിലെ തൊഴിലാളികൾ സംഘമായി നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടന്നു. കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ആദ്യവിൽപ്പന നിർവഹിച്ചു. തൊഴിലാളികളും ജീവനക്കാരും ആറു മാസമായി മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ

കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. എത്തവാഴ, ചീര, വെണ്ട, മുളക്, വഴുതന, മത്തങ്ങ, പയർ, മരച്ചീനി, പടവലം ഇഞ്ചി എന്നിവ ഉൾപ്പെടെ 12 ഇനം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്തു. ബോണസും പച്ചക്കറിയുമായാണ് തൊഴിലാളികൾ ഇന്നലെ വീടുകളിലേക്ക് പോയത്. കാഷ്യു കോർപ്പറേഷന്റെ 30 ഫാക്ടറികളിലും അടുത്ത വർഷം പച്ചക്കറി കൃഷി നടത്തുമെന്ന് ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. ട്രേഡ് യൂണിയൻ നേതാക്കളായ ജി. ബാബു, ശശിധരൻ, തുളസീധരൻ, മണികണ്ഠൻ, ഫാക്ടറി മാനേജർ ബിജു എന്നിവർ പങ്കെടുത്തു.