ചാത്തന്നൂർ യൂണിയനിൽ  ഗുരുദേവ ജയന്തി  ആഘോഷം

Sunday 04 September 2022 1:19 AM IST

കൊല്ലം : എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 168മത് ശ്രീനാരായണ ഗുരുദേവ ജയന്തി 10ന് ആഘോഷിക്കും. വൈകുന്നേരം 4ന് കാരംകോട് എമ്പയർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജയന്തി സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ചാത്തന്നൂർ ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ.എം. എസ്. ലത പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും അനുമോദിക്കും. കേന്ദ്ര വനിതാസംഘം സംഘടിപ്പിച്ച കലോത്സവത്തിലെ വിജയികളെയും ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി.സജ്ജീവ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ്‌ ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, വനിതാസംഘം കേന്ദ്ര സമിതി അംഗം ശോഭന ശിവാനന്ദൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അഡ്വ. രാജേഷ്, സെക്രട്ടറി സുജയ്കുമാർ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസി.സെക്രട്ടറി കെ.നടരാജൻ നന്ദിയും പറയും.