ഓണത്തിന് 1.65 കോടി രൂപയുടെ പൂക്കൾ വിറ്റഴിച്ച് കൃഷിവകുപ്പ്

Sunday 04 September 2022 1:33 AM IST

ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടൺ പൂക്കൾ

മലപ്പുറം: ഇത്തവണത്തെ ഓണത്തിന് പൂക്കളമൊരുക്കാൻ അതിർത്തി കടന്നെത്തുന്ന പൂക്കളെ കാത്തിരിക്കേണ്ട. അത്തപ്പൂക്കളത്തിൽ നിറയുക ജില്ലയിൽ നിന്നുള്ള പൂക്കൾ. നെൽകൃഷിയ്ക്ക് പിന്നാലെ പൂക്കൃഷയിലും പുതിയ ഗാഥകൾ രചിക്കുകയാണ് മലപ്പുറം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങിയ പൂക്കളാണ് ജില്ലയിലെ വിവിധയിടങ്ങളിലായി കൃഷിചെയ്തത്. സംസ്ഥാന സർക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക്,​ ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് തുടങ്ങിയ പദ്ധതിയുടെ ഭാഗമായും ജില്ലയിൽ പൂക്കൃഷി ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുൾപ്പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തിലായി ജില്ലയിൽ ഇതുവരെയായി ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടണ്ണിലധികം പൂക്കളാണ്.

കുറ്റിപ്പുറം, എടയൂർ, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാൾ, തവനൂർ, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ പൂക്കൃഷി ചെയ്തത്. ഇവിടങ്ങളിലെ 3.4 ഹെക്ടർ പ്രദേശത്തായിരുന്നു പൂക്കൃഷി. ഈ സീസണിൽ ഇതുവരെ 1.65 കോടി രൂപയുടെ പൂക്കളുകൾ ഹോർട്ടികോർപ്പും വിവിധ കൃഷിഭവനുകളും വഴി വിറ്റതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി. ശ്രീലത പറഞ്ഞു. ഓണക്കാലം ലക്ഷ്യമിട്ട് നടത്തിയ പൂക്കൃഷി ഹിറ്റായ സന്തോഷത്തിലാണ് കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂടിയതോടെ ഏറ്റവും വലിയ വിളവാണ് ഇത്തവണ ഉണ്ടായത്. കർഷകർ ശാസ്ത്രീയമായ കൃഷി രീതികൾ അവലംബിച്ചും പൂക്കൃഷിയ്ക്ക് മുതൽക്കൂട്ടായി. വരും വർഷങ്ങളിലും പൂക്കൃഷി തുടരാനാണ് കർഷകരുടെ തീരുമാനം.