കൊല്ലത്തെ നീറ്റ് പരീക്ഷാ വിവാദം; അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾ ഇന്ന് വീണ്ടും പരീക്ഷയെഴുതും
കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ഇന്ന് വീണ്ടും പരീക്ഷ. കൊല്ലം എസ് എൻ സ്‌കൂളിൽ ഉച്ചയ്‌ക്ക് ഒരു മണിമുതലാണ് പരീക്ഷ. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്.
കൊല്ലം ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ആന്റ് ടെക്‌നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെയാണ് പരിശോധനയുടെ പേരിൽ അപമാനിച്ചത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്ന സ്‌കാനിംഗിനിടെ പെൺകുട്ടികളുടെ ഉൾവസ്ത്രത്തിൽ ലോഹഹൂക്ക് ഉണ്ടെന്ന വിചിത്രമായ കാരണം പറഞ്ഞ് അത് ഊരി മാറ്റിച്ച ശേഷമാണ് പരീക്ഷയെഴുതിച്ചത്.
സംഭവത്തിൽ കോളേജിലെ നീറ്റ് പരീക്ഷാ കോ- ഓർഡിനേറ്ററും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ പ്രിജി കുര്യൻ ഐസക്ക് അടക്കം ഏഴ് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. സംഭവം വൻ വിവാദമായതോടെയാണ് അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷയെഴുതാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസി അനുമതി നൽകിയത്.