മേയർ ഇനി എം എൽ എയ്‌ക്ക് സ്വന്തം; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരായി, കുടുംബ സമേതം ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി, ചിത്രങ്ങൾ കാണാം
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം. സച്ചിൻദേവും വിവാഹിതരായി. തിരുവനന്തപുരം എ.കെ.ജി ഹാളിൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ, മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള നേതാക്കളും വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നേതാക്കൾ നൽകിയ മാല പരസ്‌പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങിൽ പങ്കെടുത്തത്. എ.കെ.ജി ഹാളിന് പുറത്ത് അതിഥികൾക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു. ആറിന് കോഴിക്കോട് ടാഗോർ സെന്റർ ഹാളിൽ വിവാഹസത്കാരം നടത്തും.
വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്നും സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്ന് മേയർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. വിവാഹം ലളിതമായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ പുറത്തിറക്കിയ വിവാഹ ക്ഷണക്കത്തിൽ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ആൾ സെയിന്റ്സ് കോളജിൽ പഠിക്കുമ്പോൾ 21–ാം വയസിലാണ് മുടവൻമുഗൾ സ്വദേശിനി ആര്യാ രാജേന്ദ്രൻ മേയറാകുന്നത്. നിലവിൽ സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.