ജഡേജയില്ലാത്ത ഇന്ത്യയ്ക്ക് കരുത്ത് കുറയുമെന്ന് മുൻ ഇന്ത്യൻ താരം, പാകിസ്ഥാനെതിരെ ഇത് വലയ്ക്കുമെന്നും മുന്നറിയിപ്പ്

Sunday 04 September 2022 4:45 PM IST

ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ പോരാട്ടങ്ങൾ തുടക്കമായിരിക്കുകയാണ്. ഓൾ റൗണ്ടർ രവീന്ദ്ര ജഡ‌േജയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ജഡേജയുടെ പരുക്ക് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് നിർണായകമായേക്കുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.

ജഡേജയുടെ അസാന്നിധ്യം വലിയ വിടവ് സൃഷ്‌ടിക്കുമെന്നും സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ ഇത് വലയ്ക്കുമെന്നും താരം പറയുന്നു. ജഡേജയില്ലാത്ത ഇന്ത്യയ്ക്ക് കരുത്ത് കുറയുമെന്ന് അഭിപ്രായപ്പെട്ട ആകാശ് ചോപ്ര, ജഡേജയുടെ അസാന്നിധ്യം ദീർഘകാലത്തേക്ക് മറികടക്കാൻ ഇന്ത്യയ്ക്കു കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ച ഏഷ്യാകപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഇന്ന് വീണ്ടും എതിരാളികളായി പാകിസ്ഥാൻ എത്തുകയാണ്. മത്സര ഫലം എന്തായാലും അടുത്ത ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇതേ എതിരാളികൾ വീണ്ടും ഏറ്റുമുട്ടാനുള്ള സാദ്ധ്യതകൾ വിരളമല്ല.

ആരാധകർ കാത്തിരുന്ന ആദ്യമത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയിരുന്നത്. തുടർന്ന് 40 റൺസിന് ഹോംഗ്കോംഗിനെയും തോൽപ്പിച്ചിരുന്ന ഇന്ത്യ ഗ്രൂപ്പിലെ ഒന്നാമന്മാരായി സൂപ്പർ ഫോറിലേക്ക് എത്തി. ആദ്യ കളിയിലെ തോൽവിന്റെ കലി മുഴുവൻ രണ്ടാം മത്സരത്തിൽ ദുർബലരായ ഹോംഗ്കോംഗിനോട് തീർത്ത പാകിസ്ഥാൻ 155 റൺസിന്റെ വമ്പൻ ജയം നേടിയാണ് ഗ്രൂപ്പിലെ രണ്ടാമന്മാരായി സൂപ്പർ ഫോറിലെത്തിയത്.

രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരി‌ടാനിറങ്ങുന്നത്. പരിക്കേറ്റ ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ ദുബായ്‌യിലെത്തിയിട്ടുണ്ട്. ജഡേജയ്ക്ക് പകരം ആദ്യ മത്സരത്തിലെ ആൾറൗണ്ട് ഹീറോ ഹാർദിക് പട്ടേൽ മടങ്ങിയെത്തും. റിഷഭ് പന്തും ദിനേഷ് കാർത്തികും ഒരുമിച്ച് കളിക്കാനുള്ള സാദ്ധ്യതയുമുണ്ട്. മുൻ നായകൻ വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.

സൂര്യകുമാർ യാദവിന്റെ കഴിഞ്ഞ കളിയിലെ പ്രകടനം ആവേശം പകരുന്നു. എങ്കിലും രോഹിത് ശർമ്മ - കെ.എൽ രാഹുൽ സഖ്യം ക്ളിക്കാകേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. പരിക്കിന്റെ ഇടവേളകഴിഞ്ഞെത്തിയ രാഹുൽ പന്തുകൾ പാഴാക്കുന്നത് നല്ല ലക്ഷണമല്ല. ബൗളിംഗിൽ ഭുവനേശ്വറിന്റെ ഫോമിലാണ് പ്രതീക്ഷ. ഹാർദിക് മടങ്ങിയെത്തുന്നത് ബൗളിംഗിലും ഗുണം ചെയ്യും. സ്പിൻ ഡിപ്പാർട്ട്മെന്റിൽ ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തണമെങ്കിൽ ആവേഷ് ഖാനെയോ അർഷ്ദീപ് സിംഗിനെയോ മാറ്റേണ്ടിവരും.

രണ്ടാം വട്ടം കാണുമ്പോൾ ഹോംഗ്കോംഗിനെതിരെ പാകിസ്ഥാൻ നേടിയ വിജയം ഇന്ത്യയെ ലേശം അലട്ടുന്നുണ്ട്. ഹോംഗ്കോംഗിനെ 38 റൺസിന് ആൾഔട്ടാക്കാൻ പാക് ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞതാണ് പ്രശ്നം. ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ ട്വന്റി-20അരങ്ങേറ്റം നടത്തിയ പേസർ നസീം ഷാ രണ്ട് മത്സരങ്ങളിലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. ഷദാബ് ഖാൻ,ഷാനവാസ് ദഹാനി,മുഹമ്മദ് നവാസ് എന്നിവരും ബൗളിംഗിലെ പാക് ശരങ്ങളാണ്. നായകൻ ബാബർ അസമും കീപ്പർ മുഹമ്മദ് റിസ്‌വാനും ചേർന്ന ഓപ്പണിംഗാണ് ബാറ്റിംഗിൽ അവരുടെ പ്രതീക്ഷ. ഫഖാർ സമാൻ,ഖുഷ്ദിൽ ഷാ,ഇഫ്തിഖർ അഹമ്മദ് എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായേക്കും.

Advertisement
Advertisement