അദ്ധ്യാപക അവാർഡ് : സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നതെന്ന് ഡോ.ആർ.വിജയമോഹനൻ

Monday 05 September 2022 12:45 AM IST

പത്തനംതിട്ട : അദ്ധ്യാപക അവാർഡുകൾ തീരുമാനിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഡയറ്റ് റിട്ട. പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ.വിജയമോഹനൻ അഭിപ്രായപ്പെട്ടു. അവാർഡിന് പരിഗണിക്കേണ്ട അദ്ധ്യാപകർ ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അദ്ധ്യാപകർക്കോ അവസരം ഉണ്ടായിരുന്നില്ല. ഇനി സ്ഥിതി മാറുകയാണ്. പി.ടി.എ, സ്റ്റാഫ് കൗൺസിൽ, കുട്ടികളുടെ പാർലമെന്റ് എന്നിവയ്ക്ക് തങ്ങളുടെ സ്‌കൂളിലെ മികച്ച അദ്ധ്യാപകരെ നാമനിർദേശം ചെയ്യാം. നാമനിർദേശം ചെയ്യപ്പെട്ട അദ്ധ്യാപകർ തന്റെ മികവുകളും നേട്ടങ്ങളും കാണിക്കുന്ന വിലയിരുത്തലുകളും തെളിവുകളും മേലധികാരികൾക്ക് സമർപ്പിക്കണം. സ്‌കൂൾ തലം, ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ല എന്നീ തലങ്ങളിൽ കൂടി വിലയിരുത്തലും സൂക്ഷ്മപരിശോധനയും കഴിഞ്ഞാണ് നോമിനേഷൻ സംസ്ഥാന തലത്തിലെത്തേണ്ടത്. ഇതിനായി ഓരോ തലത്തിലും പ്രത്യേക സമിതികളും പ്രവർത്തിക്കണം. എല്ലാ സമിതികളിലും ഒരു വിദഗ്ദ്ധന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ജില്ലകളിൽ നിന്നുള്ള നാമനിർദ്ദേശങ്ങൾ പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സമിതിക്കാണ്. അദ്ധ്യാപകർ തന്റെ മികവ് പ്രവർത്തനങ്ങൾ സംസ്ഥാനസമിതിക്ക് മുമ്പാകെ അവതരിപ്പിക്കുകയും മാതൃകാ ക്ലാസുകൾ എടുക്കുകയും അഭിമുഖത്തിന് വിധേയമാവുകയും വേണം.

അദ്ധ്യാപന മികവ്, പാഠ്യേതര നൈപുണ്യ മികവ്, ആശയങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സിമ്പോസിയം, സെമിനാർ അവതരണങ്ങളിലെ മികവുകൾ,സ്‌കൂൾ വികസനത്തിനായി നടത്തുന്ന ഇടപെടലുകൾ എന്നീ മേഖലകളിലുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ് അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പ്. അവാർഡ് ജേതാക്കളുടെ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കുമെന്ന് ഡോ. വിജയമോഹനൻ പറഞ്ഞു.

Advertisement
Advertisement