എല്ലാ പഞ്ചായത്തുകളിലും ഇനി നൈപുണ്യ വികസന കേന്ദ്രം  വ്യവസായ പുരോഗതിക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ജയരാജൻ

Wednesday 12 June 2019 6:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി ഇ.പി.ജയരാജൻ നിയമസഭയിൽ പറഞ്ഞു. 25 അംഗങ്ങൾ വീതമുള്ള സംഘം രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പ്രത്യേക തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരെ എല്ലാ പഞ്ചായത്തുകളിലും സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്. വിദേശ കമ്പനികൾ പോലും ഇവിടെ നിക്ഷേപത്തിന് തയ്യാറായി എത്തുന്നു. വ്യവസായ മേഖലയുടെ പുരോഗതിക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാഭ പാതയിൽ

പൊതുമേഖല

തകർച്ചയിലായ വ്യവസായ സ്ഥാപനങ്ങളെ വളർച്ചയിലേക്ക് നയിക്കാൻ കഴിഞ്ഞവെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. 2015- 16​ൽ 131 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 18-​19ൽ 8.26 കോടി രൂപയുടെ ലാഭമുണ്ടാക്കി. പ്രളയത്തിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 39.61 കോടി രൂപയുടെ നഷ്ടമുണ്ടായി. 19 പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ നഷ്ടം കുറച്ചു. എട്ടു സ്ഥാപനങ്ങൾ ലാഭം വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് വ്യാവസായിക വികസന പദ്ധതികൾക്കായി 6,886 ഏക്കർ ഭൂമിയാണ് ഏ​റ്റെടുക്കേണ്ടി വരികയെന്നും ജയരാജൻ പറഞ്ഞു.

പുതിയ പദ്ധതികൾ

 നാളികേര കർഷകരെ സഹായിക്കാൻ കേരളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ തെങ്ങിൻതടി സംസ്‌കരിച്ച് ഫർണിച്ചറുകൾ നിർമ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കും.

 വയനാട്ടിൽ മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ പാർക്ക്. കെ.എസ്.ഐ.ഡി.സിയാണ് ഇതിന്റെ നോഡൽ ഏജൻസി.

 10 ജില്ലകളിൽ 2,500 വീതം തേനീച്ചപ്പെട്ടികളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ച് തേൻ സംഭരണം വ്യാപകമാക്കും.

 റബർ കർഷകരെ സഹായിക്കാൻ കണ്ണൂരിൽ സർജ്ജിക്കൽ ഗ്ളൗസ് (കൈയുറ) നിർമ്മാണ കേന്ദ്രം തുടങ്ങും.

 കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് കുറഞ്ഞ വിലയിൽ ജീവൻരക്ഷാ ഔഷധങ്ങൾ ലഭ്യമാക്കാൻ ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയിൽ മരുന്നു നിർമ്മാണം തുടങ്ങും. കാൻസറിനുള്ള മരുന്നും ഇവിടെ ഉത്പാദിപ്പിക്കും.

 നെൽ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് പായ്ക്കറ്റുകളിലാക്കി പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. തവിടിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കും. ഇതിന് തൃശൂരും പാലക്കാട്ടും റൈസ് പാർക്കുകൾ സ്ഥാപിക്കും.

 ചെറുകിട വ്യവസായ സംരംഭകർക്ക് അഞ്ച് ശതമാനം പലിശ നിരക്കിൽ വായ്‌പ ലഭ്യമാക്കും.

 വായ്‌പാ കുടിശികയുള്ള ചെറുകിട-ഇടത്തരം സംരംഭകർക്ക് പലിശയുടെ 50 ശതമാനം അടച്ച് ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ നടപ്പാക്കും.

 പി.പി.പി മോഡൽ ഇൻസ്ട്രിയൽ പാർക്കുകൾ പ്രോത്സാഹിപ്പിക്കും.