തൃക്കാക്കര പണക്കിഴി വിവാദം ചെയർപേഴ്സനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി വിജിലൻസ്

Tuesday 06 September 2022 2:29 AM IST

തൃക്കാക്കര: കഴിഞ്ഞ ഓണക്കാലത്ത് കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയ സംഭവത്തിൽ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സനെതിരെ വിജിലൻസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ഇതു സംബന്ധച്ച്‌ ഇന്നലെ അക്കൗണ്ടന്റ് സുനിൽ, സീനിയർ ക്ലാർക്ക് സിനീഷ് എന്നിവരുടെ മൊഴിയെടുത്തു. കഴിഞ്ഞവർഷം ആഗസ്റ്റ് 15, ഓണാഘോഷം തുടങ്ങിയ പരിപാടികൾക്കായി നഗരസഭ പത്തുലക്ഷം രൂപ മുൻകൂറായി ബാങ്കിൽ നിന്ന് എടുത്തിരുന്നു. ഈ തുക ചെലവഴിച്ചതിനെക്കുറിച്ചും വിജിലൻസ് ചോദിച്ചറിഞ്ഞു.
കൊവിഡ് കാലമായതിനാൽ കലാപരിപാടികൾ ഉണ്ടായിരുന്നില്ല. ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് ഓണപ്പുടവയും പായസ വിതരണവും മാത്രമാണ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കൗൺസിലർമാർക്ക് പണം നൽകിയ സി.സി ടി വി ദൃശ്യങ്ങളും സാരി വാങ്ങിയ പാലാക്കാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ബില്ലുകളും മറ്റും വിജിലൻസ് ശേഖരിച്ചിരുന്നു. വൈകിട്ട് ഓഫീസ് സമയത്തിന് ശേഷം നഗരസഭാ റവന്യൂ വിഭാഗത്തിൽ വച്ചാണ് 10,000 രൂപ വീതം കവറിൽ നിക്ഷേപിച്ചതെന്നാണ് വിവരം. കേസിൽ നഗരസഭയിലെ ജീവനക്കാരനും പ്രതിയായേക്കും. അക്കാലത്ത് നഗരസഭാ പ്രദേശത്ത് എയർടെൽ കേബിൾ വലിച്ചതുമായി ബന്ധപ്പെട്ട വിശദംശങ്ങളും സീനിയർ ക്ലാർക്കിനോട് ചോദിച്ചു. എൻജിനിയറിംഗ് വിഭാഗത്തിലെ അക്കാലത്തെ പ്രവൃത്തികളെക്കുറിച്ചു ചോദ്യമുണ്ടായി.

# പാരയായി യു.ഡി.എഫ് കൗൺലർമാരുടെ മൊഴി

ചെയർപേഴ്സന് പാരയായി സി.സി ടിവി ദൃശ്യങ്ങൾക്ക് പുറമെ യു.ഡി.എഫ് കൗൺസിലർമാരുടെ മൊഴിയും. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൗൺലർമാർക്ക് പുറമെ യു.ഡി.എഫിലെ ഒമ്പതോളം കൗൺസിലർമാർ ചെയർപേഴ്സനെതിരെ മൊഴി നൽകിയിട്ടുണ്ട്.യു.ഡി.എഫ് കൗൺസിലർമാരുടെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.പ്രതിപക്ഷ കൗൺസിലർമാർ പണം തിരിച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് വിജിലൻസിൽ പരാതി നൽകിയത്.കൗൺസിലർമാർ പണമടങ്ങിയ കവറുമായി ചെയർ പേഴ്സന്റെ മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നതിന്റേയും ദൃശ്യങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു.

Advertisement
Advertisement