ഓണം കണ്ണീരിലാകില്ല, ട്രാൻസ്പോർട്ടിൽ ഇന്ന് ശമ്പളം #കുടിശികയായ 103 കോടി നൽകുന്നത് സർക്കാർ, # മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം  # 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കും

Monday 05 September 2022 11:42 PM IST

തിരുവനന്തപുരം: നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ തങ്ങൾ പട്ടിണിയിലാകുമോ എന്ന് ആശങ്കപ്പെട്ട് ഗത്യന്തരമില്ലാതെ കുടുംബവുമൊത്ത് സമരത്തിനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കണ്ണീരൊപ്പാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ശമ്പള കുടിശിക ഇന്ന് വിതരണം ചെയ്യുമെന്ന് ഉറപ്പുനൽകി. സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇതിനായി 103 കോടി രൂപ സർക്കാർ നൽകുമെന്നും വ്യക്തമാക്കി.

ജൂലായിലെ ശമ്പളത്തിന്റെ മുക്കാൽ പങ്കും ഇന്നലെ ചർച്ച തുടങ്ങുംമുമ്പേ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാനേജ്മെന്റ് നൽകിയിരുന്നു. ശേഷിക്കുന്ന തുകയും ആഗസ്റ്റിലെ ശമ്പളവുമാണ് ഇന്ന് നൽകുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനേജ്‌മെന്റിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഓണത്തിന് പട്ടിണിയാണെന്ന പരാതിയുമായി കണ്ണീരോടെ ജീവനക്കാരുടെ കുടുംബാംഗങ്ങൾ അടക്കം പൊതുസമൂഹത്തിന് മുന്നിലെത്തിയ പശ്ചാത്തലത്തിലായിരുന്നു ചർച്ച.

പന്ത്രണ്ട് മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കാൻ ജീവനക്കാർ വഴങ്ങിയതോടെയാണ് സർക്കാർ സഹായ മനഃസ്ഥിതി കാട്ടിയത്. റൊട്ടേഷൻ രീതിയിൽ സോൺ അടിസ്ഥാനത്തിലാകും ഡ്യൂട്ടി നിശ്ചയിക്കുക. എന്നാൽ എട്ടു മണിക്കൂറിനപ്പുറമുള്ള ഡ്യൂട്ടി തൊഴിലാളി വിരുദ്ധമാണെന്ന് ടി.ഡി.എഫ്, ബി.എം.എസ് നേതാക്കൾ വാദിച്ചു. മാറ്റി നിറുത്തിയിരിക്കുന്ന ദിവസവേതനക്കാർക്ക് ഒഴിവ് വരുന്ന മുറയ്ക്ക് സ്വിഫ്ടിലും കെ.എസ്.ആർ.ടി.സിയിലും ജോലി നൽകും. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരെ പുനർവിന്യസിക്കും. ഇത് പൂർത്തീകരിക്കുന്ന മുറയ്ക്ക് താത്കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കും.

മാനേജ്‌മെന്റ് തയ്യാറാക്കുന്ന വരവുചെലവ് കണക്കുകൾ കൃത്യമല്ലെന്നും ഇടപെടലുകളിൽ പോരായ്മകളുണ്ടെന്നും സി.ഐ.ടി.യു യൂണിയൻ നേതാക്കൾ അടക്കം വിമർശിച്ചു. ഗതഗതമന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി എം.‌ഡി ബിജു പ്രഭാകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഉപദേശക സമിതി വരും

ട്രേഡ് യൂണിയൻ പ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, യാത്രക്കാരുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കും.

 ബാറ്റ, ഇൻസെന്റീവ് തുടങ്ങിയവ കണ്ടക്ടറുടെയും ഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം നൽകും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കും.
 വർക്ക്‌ഷോപ്പുകൾ നവീകരിക്കും. പുതുക്കിയ ജോലിച്ചട്ടം ഘട്ടംഘട്ടമായി നടപ്പാക്കും.

Advertisement
Advertisement