ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും: നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യം, പരീക്ഷണം നടത്തിയത് തുമ്പയിൽ

Tuesday 06 September 2022 1:10 AM IST

തിരുവനന്തപുരം: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ശനിയാഴ്ച ഉച്ചയ്ക്ക് തുമ്പയിലായിരുന്നു വിജയകരമായ പരീക്ഷണം. അമേരിക്കയും റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.

രോഹിണി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നൂറു കിലോമീറ്ററോളം ഉയരെ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലിൽ തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയിൽ നടത്തുന്ന അടുത്ത പരീക്ഷണത്തിൽ കൂറ്റൻ ജി.എസ്.എൽ.വി തിരിച്ചിറക്കും. ഇതുവിജയിച്ചാൽ, സ്പെയ്സ് സ്റ്റേഷനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാവും. ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ശാസ്ത്രജ്ഞരുടെ കഠിനാദ്ധ്വാനവും ഭാരിച്ച നിർമ്മാണച്ചെലവും ഗണ്യമായി കുറയ്ക്കാനാവും.

തിരിച്ചിറക്കുന്ന ഐ.എ.ഡി

# റോക്കറ്റുകളെ തിരിച്ചുകൊണ്ടുവരുന്നത് അതിൽ ഘടിപ്പിച്ചിരിക്കുന്ന ഇൻഫ്ളേറ്റബിൾ എയ്റോഡൈനാമിക് ഡിസലറേറ്റർ (ഐ.എ.ഡി)സംവിധാനം ഉപയോഗിച്ചാണ്. ശബ്ദത്തെക്കാൾ മൂന്നര ഇരട്ടി വേഗത്തിൽ കുതിക്കുന്ന റോക്കറ്റിനെ വരെ ഇത് താഴെ എത്തിക്കും

#റോക്കറ്റിന്റെ നാലാമത്തെ ഭാഗത്താണ് ഉപഗ്രഹങ്ങളും നിയന്ത്രണ സംവിധാനങ്ങളും കാമറകളും മറ്റും ഘടിപ്പിക്കുന്നത്. ഈ ഭാഗത്താണ് ചെറിയ പാരച്യൂട്ടിന്റെ വലിപ്പമുള്ള ഐ.എ.ഡി ചുരുട്ടി വയ്ക്കുന്നത്

#ഉപഗ്രഹങ്ങൾ വേർപെട്ടുകഴിഞ്ഞാൽ, ഭൂമിയിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശപ്രകാരം സ്വയം വികസിക്കും. തുടർ നിർദ്ദേശങ്ങളനുസരിച്ച് വിടർന്നും ചുരുങ്ങിയും റോക്കറ്റിന്റെ വേഗത നിയന്ത്രിച്ച് ഭൂമിയിലേക്ക് നീങ്ങും. ഗതി നിയന്ത്രിക്കാനും കൃത്യമായ സ്ഥലത്ത് ഇറക്കാനും കഴിയും

#തീപിടിക്കാത്ത കെവ്ലോർഫാബ്രിക് പോളി ക്ളോറോഫെറീൻ ഉപയോഗിച്ച് വി.എസ്.എസ്.സിയിലാണ് ഇത് നിർമ്മിച്ചത്. നിയന്ത്രണസംവിധാനങ്ങളും സ്വയം വിടരാനുള്ള ന്യൂമാറ്റിക് സംവിധാനങ്ങളും വികസിപ്പിച്ചത് തിരുവനന്തപുരത്തെ എൽ.പി.എസ്.സിയിലാണ്

#തുമ്പയിലെ വിജയം

ഐ.എ.ഡി.ഘടിപ്പിച്ച് വിക്ഷേപിച്ച രോഹിണി ആർ.എച്ച്- 300 സൗണ്ടിംഗ് റോക്കറ്റ് 84 കിലോമീറ്റർ ഉയരത്തിൽ വച്ച് ബഹിരാകാശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവർത്തനം നിറുത്തി. ഉടൻ ഐ.എ.ഡി വിടർത്തിയും നിർദ്ദേശങ്ങൾ നൽകിയും റോക്കറ്റിനെ സുരക്ഷിതമായി കടലിൽ തിരിച്ചിറക്കി

"ബഹിരാകാശത്തുനിന്ന് റോക്കറ്റുകളെ വീണ്ടെടുത്ത് തിരിച്ചെത്തിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യം കൈവരിച്ചു."

-എസ്.സോമനാഥ്,

ഐ.എസ്.ആർ.ഒ. ചെയർമാൻ

Advertisement
Advertisement