ധവാന്റെ പരിക്ക്; ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് ആശ്വാസവാർത്ത

Tuesday 11 June 2019 9:19 PM IST

ഓവൽ : ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാൻ ഇന്ത്യൻ ടീമിനൊപ്പം തുടരുമെന്ന് റിപ്പോർട്ട്. നാളെ ന്യൂസിലൻഡിനെതിരായി നടക്കുന്ന മത്സരത്തിൽ മാത്രം ധവാൻ കളിക്കില്ലെന്നാണ് ടീമിനോട് അടുത്തവൃത്തങ്ങൾ പറയുന്നത്. പാക്കിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിലും ധവാന്‍ കളിക്കാനിടയില്ല.

ഞായറാഴ്ച പാകിസ്ഥാനെതിരെയുള്ള മത്സരം കഴിഞ്ഞാൽ 22ന് അഫ്ഗാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിൽ 11 ദിവസത്തെ ഇടവേള ലഭിക്കുമെന്നതിനാൽ ഇതിനുശേഷം മാത്രം ധവാന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാടെന്നാണ് റിപ്പോർട്ട്.

അതിനിടെ ധവാന്റെ പകരക്കാരനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. വിരലിൽ പൊട്ടലുള്ള ധവാന് ഡോക്ടർമാർ മൂന്നാഴ്ച വിശ്രമമാണ് നിർദ്ദേശിച്ചത്.