പി.ഡബ്ളിയു.ഡി വിശ്രമ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത് മൂന്ന് കോടി: മന്ത്രി മുഹമ്മദ് റിയാസ്

Tuesday 06 September 2022 12:11 AM IST

തിരുവനന്തപുരം: ആഗസ്റ്റ് മാസം വരെ പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് മന്ത്രി പി. എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ 53,000 പേർ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിച്ചതായും പീപ്പിൾസ് റസ്റ്റ് ഹൗസായി പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങളെ ഉയർത്തിയതോടെ ആയിരക്കണക്കിന് ജനങ്ങളാണ് അവ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട്ടിലെ പി.ഡബ്ളിയു.ഡി പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ പുതിയ മന്ദിരത്തിന്റെയും ഫയർ ആൻഡ് റസ്‌ക്യു സർവീസസ് പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പ് 2017-18 ബജറ്റിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ റെസ്റ്റോറന്റ്, ഓഫീസ്, ലോബി എന്നിവയുണ്ട്. ആഭ്യന്തരവകുപ്പ് 2019-20 ബജറ്റിൽ ഉൾപ്പെടുത്തി 2.60 കോടി രൂപ വിനിയോഗിച്ചാണ് ഫയർ ആൻഡ് റസ്‌ക്യു പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അദ്ധ്യക്ഷനായി. എ.എ റഹീം എം.പി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്. എം റാസി, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീലകുമാരി, ഫയർ ആൻഡ് റസ്‌ക്യു ഡയറക്‌ടർ ജനറൽ ബി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement