ടി.കെ.എം കോളജ് ഓഫ് എൻജിനീയറിംഗ് സ‍്വയംഭരണ പദവിയിലേക്ക്

Tuesday 06 September 2022 12:19 AM IST

തിരുവനന്തപുരം: സർക്കാർ, സർക്കാർ-എയ്ഡഡ് കോളേജുകളുടെ മേഖലയിൽ സ‍്വയംഭരണ (ഓട്ടോണമസ്) പദവി നേടുന്ന ആദ‍്യ എൻജിനീയറിംഗ് കോളേജ് എന്ന ബഹുമതി കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളജിന് സ്വന്തം. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ വിദഗ്ദ്ധ സമിതി 2022 ഏപ്രിൽ 12,​13 തീയതികളിൽ കോളേജ് സന്ദർശിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് അവസാനം കോളേജിന് സ‍്വയംഭരണ പദവി അനുവദിച്ചുകൊണ്ട് കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങിയത്. എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ വിഷയം പരിഗണിക്കുകയും സെപ്തംബർ 2ന് ടി.കെ.എം.എൻജിനീയറിംഗ് കോളേജിനെ ഒരു സ‍്വയംഭരണ കോളേജായി വിജ്ഞാപനം ചെയ്യുകയും ചെയ്തു. 64 വർഷങ്ങൾ പിന്നിട്ട കോളേജിന്റെ യാത്രയിലെ നാഴികക്കല്ലാണ് ഈ സ്വയംഭരണ പദവി. എല്ലാ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ, കോളേജിന് നാക് അനുവദിച്ച ‘എ’ ഗ്രേഡ്, സിവിൽ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് എൻ.ബി.എ നൽകിയ ആറ് വർഷത്തെ അക്രഡിറ്റേഷൻ എന്നിവയാണ് പ്രധാനമായും ഈ സ്വയംഭരണ പദവിയിലേക്ക് കോളേജിനെ നയിച്ചത്. പ്രോജക്ട് അടിസ്ഥാനമാക്കിയുളള കോഴ്സുകൾ വഴി ബിരുദ-ബിരുദാനന്തര പഠനം കൂടുതൽ വ‍്യവസായിക സാമൂഹ‍്യ പ്രാധാന‍്യമുളളതാക്കി തീർക്കാൻ, ഇന്റേൺഷിപ്പ് അവസരങ്ങൾ കൂടുതൽ ഉൾപ്പെടുത്തി കരിക്കുലവും സിലബസ്സും പരിഷ്കരിക്കുക എന്ന ദൗത‍്യം ‘സ‍്വയംഭരണ’ പദവിയുടെ നടത്തിപ്പിനായി ഇതിനകം തന്നെ കോളേജ് പൂർത്തിയാക്കി. സ‍്വയംഭരണ നടത്തിപ്പിനായി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയും കോളേജും ചേർന്ന് ഒപ്പുവച്ച കരാർപ്രകാരം കുട്ടികളുടെ പ്രവേശനം, ഫീസ് ഘടന എന്നിവയിൽ സ‍്വയംഭരണ പദവിയ്ക്ക് മുൻപ് തുടർന്നുവരുന്ന വ‍്യവസ്ഥകളിൽ മാറ്റമില്ല. 85 ശതമാനം വിദ‍്യാർത്ഥികളുടെ അലോട്ട്മെന്റ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ മെരിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ നടപ്പാക്കും. ബാക്കി 15 ശതമാനം മാനേജ്മെന്റ് ക്വാട്ടയിൽ നിന്നുമാണ്. ഈ വർഷം ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഒരു പുതിയ ബി.ടെക് കോഴ്സും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ എം.ടെക് കോഴ്സും കോളേജ് തുടങ്ങുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ടി.കെ.എം ഗവേണിംഗ് ബോ‌ഡി ചെയർമാൻ ഡോ.ഷഹാൽഹസ്സൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ്, ട്രസ്റ്റ് മെമ്പർ ഖാലിദ് മുസലിയാർ, എച്ച്.ഒ.ഡിമാരായ ഡോ.പി.എൻ.ദിലീപ്, ഡോ.സബീന, ഡീൻമാരായ ഡോ.അഷ്ഫാക്, ഡോ.റെബി റോയ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement