ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Tuesday 06 September 2022 12:41 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,​ മന്ത്രിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വിജയ്‌ യേശുദാസ്, റിമിടോമി എന്നിവർ നയിക്കുന്ന ഗാനമേള നടക്കും.

നഗരത്തിന് അകത്തും പുറത്തുമായി 32 വേദികളിലായി നാളെ മുതൽ പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീതദൃശ്യവിരുന്നുകളും ആയോധനകലാ പ്രകടനങ്ങളും അരങ്ങേറും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 8,000 ത്തോളം കലാകാരൻമാരാണ് വിവിധ വേദികളിലായി നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത്.

സെപ്‌തംബർ 12ന് സാംസ്‌കാരിക ഘോഷയാത്രയ്‌‌ക്കും സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം എക്‌സ്‌ട്രീം 2022 മെഗാഷോയോടും കൂടി ഓണവാരാഘോഷ പരിപാടികൾ സമാപിക്കും. പ്രശസ്ത ഗായിക നിത്യ മാമ്മൻ, സംഗീത ഹിഷാം അബ്‌ദുൾ വഹാബും കേരള കൗമുദിയുടെ ഓണം എക്സ്ട്രീമിന് നേതൃത്വം നൽകും.

നിശാഗന്ധിയിൽ ഇന്ന് (6-9-22)

വൈകിട്ട് 5.15 മുതൽ - മേളകലാരത്നം കലാമണ്ഡലം ശിവദാസിന്റെ ഇലഞ്ഞിത്തറ പാണ്ടിമേളം.

വൈകിട്ട് 6.00 മുതൽ ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ 'ഒരുമയുടെ ഓണം' സംഗീത ശിൽപ്പം

വൈകിട്ട് 6.30ന് ഉദ്ഘാടന ചടങ്ങുകൾ

വൈകിട്ട് 7.30 മുതൽ വിജയ് യേശുദാസ്, റിമിടോമി, അപർണാരാജീവ്, ഹരിശങ്കർ ടീമിന്റെ ഔസേപ്പച്ചൻ നൈറ്റ്സ്.

Advertisement
Advertisement