കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നാളെ മുതൽ

Tuesday 06 September 2022 12:50 AM IST

തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ സമരം ശക്തമാക്കിയുള്ള കോൺഗ്രസിന്റെ തിരിച്ചുവരവിനായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ വൈകിട്ട് കന്യാകുമാരിയിൽ നിന്നാരംഭിക്കും. യാത്രയ്‌ക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. യാത്ര നയിക്കുന്ന ഊർജവുമായി രാഹുൽ വീണ്ടും അദ്ധ്യക്ഷ പദവിയേറ്റെടുക്കുമോയെന്ന ചോദ്യമാണ് അണികളിലുള്ളത്. എന്നാൽ മത്സരിക്കാനില്ലെന്ന് രാഹുലും നെഹ്റു കുടുംബവും ആവർത്തിക്കുകയാണ്.

അദ്ധ്യക്ഷപദത്തിനായി സമവായ നീക്കവും ദേശീയതലത്തിൽ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. അദ്ധ്യക്ഷപദവിയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജി-23 നേതാക്കളായ ഡോ. ശശി തരൂരുർ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരുമായി മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗലോട്ട് ചർച്ച നടത്തി. സംഘടനാ തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നാണ് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

 രാഹുൽ നാളെ തിരുവനന്തപുരത്ത്

പദയാത്രയിൽ പങ്കെടുക്കാൻ കന്യാകുമാരിയിലേക്ക് പോകുന്നതിനായി നാളെ ഉച്ചയ്ക്ക് 12ന് രാഹുൽഗാന്ധി തിരുവനന്തപുരത്തെത്തും. ചെന്നൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകും. രാവിലെ 7നും 7.45നുമിടയിൽ പിതാവ് രാജീവ്ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരമ്പത്തൂരിലെത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് കന്യാകുമാരിയിലെ തിരുവള്ളൂർ സ്മാരകവും 3.30ന് വിവേകാനന്ദ സ്മാരകവും 3.50ന് കാമരാജ് സ്മാരകവും സന്ദർശിക്കും. 4.10 മുതൽ 4.30വരെ ഗാന്ധിമണ്ഡപത്തിൽ പ്രാർത്ഥനയോഗത്തിൽ പങ്കെടുക്കും. യാത്രയിലുപോയഗിക്കുന്ന ത്രിവർണ്ണ പതാകയുടെ കൈമാറൽ ചടങ്ങ് വൈകിട്ട് 4.30ന് നടക്കും. തുടർന്ന് ജോഡോ പദയാത്രകരോടൊപ്പം ഗാന്ധി മണ്ഡപം മുതൽ ബീച്ച് റോഡ് വരെ സഞ്ചരിക്കും.

വൈകിട്ട് അഞ്ചിന് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. എ.ഐ.സി.സി നേതാക്കൾ, മുഖ്യമന്ത്രിമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ. മുരളീധരൻ എം.പി തുടങ്ങിയ പ്രമുഖനേതാക്കൾ പങ്കെടുക്കും.

10 വരെയാണ് തമിഴ്നാട്ടിലെ പര്യടനം. 11ന് രാവിലെ ഏഴിന് പദയാത്രയ്ക്ക് കേരള അതിർത്തിയായ പാറശാലയിൽ സ്വീകരണം നൽകും. 300 പദയാത്രകരാണ് യാത്രയിലുള്ളത്. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ലക്ഷദ്വീപിൽ നിന്നുള്ള 60 പേർ കേരളത്തിൽ പദയാത്രയ്‌ക്കൊപ്പം ചേരും. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാത വഴിയും തുടർന്ന് നിലമ്പൂർ വരെ സംസ്ഥാന പാതയിലൂടെയുമാകും യാത്ര കേരളത്തിലൂടെ പോകുന്നത്. 29ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്ലൂടെ കർണാടകത്തിലേക്ക് പോകും.

Advertisement
Advertisement