ഓണാഘോഷം: ഗവർണറെ ക്ഷണിക്കാതെ സർക്കാർ

Wednesday 07 September 2022 12:13 AM IST

■ഗവർണറുടെ ഓണാഘോഷം അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം

തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഓണം വാരാഘോഷത്തിന്റെ സമാപനമായ ഔദ്യോഗിക ഘോഷയാത്രയിലേക്ക് ക്ഷണമില്ല.

ഗവർണറും പത്നിയുമാണ് എല്ലാ വർഷവും ഈ പരിപാടിയിലെ വിശിഷ്ടാതിഥികൾ. പാളയത്ത് പ്രത്യേക വി.ഐ.പി പവിലയനിലാണ് ഗവർണറെ സ്വീകരിച്ചിരുത്തുക.

12ന് നടക്കുന്ന ഘോഷയാത്രയിലേക്ക് ഇതുവരെ ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. അന്ന് അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പമാണ് ഗവർണറുടെ ഓണാഘോഷം.

കണ്ണൂർ വി.സി പുനർനിയമനം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ, കേരള സർവകലാശാലാ വി.സി നിയമന കാര്യങ്ങളിൽ സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണർ 11ഓർഡിനൻസുകളിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. അസാധുവായ ഇവയ്ക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമപരമായ പരിശോധനയില്ലാതെ ഒപ്പിടില്ലെന്ന് ഗവർണർ തുറന്നടിക്കുകയും ചെയ്തു. ഇന്നലെ എം.ബി രാജേഷിന്റെ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ്സെക്രട്ടറിയുമെല്ലാം രാജ്ഭവനിലെത്തിയിരുന്നു.

സർക്കാരിന്റെ ക്ഷണമില്ലാതായതോടെ, എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ വിവിധ പരിപാടികൾക്ക് ഗവർണർ അനുമതി നൽകി. ഉത്തരേന്ത്യയിൽ നിന്നെത്തുന്ന അതിഥികൾക്കൊപ്പം രാജ്ഭവനിൽ ഓണം ആഘോഷിച്ച ശേഷം, 11ന് വൈകിട്ട് കൊച്ചിയിലേക്ക് പോകും. 12ന് അട്ടപ്പാടിയിൽ ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദിവാസി ഗായിക നഞ്ചമ്മയെ കാണും. ആദിവാസി ഊരുകളും സന്ദർശിക്കും. 13ന് കാലടി അദ്വൈതാശ്രമത്തിലെത്തും. 15ന് എം.ജി സർവകലാശാലയിൽ പ്രത്യേക ബിരുദദാന സമ്മേളനം, 16ന് ഇടപ്പള്ളിയിൽ പൊതുപരിപാടി എന്നിവയ്ക്ക് ശേഷം 18നേ തിരിച്ചെത്തൂ.

നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ അനുമതിക്കായി ഇതുവരെ രാജ്ഭവനിലെത്തിച്ചിട്ടില്ല. നിയമ വകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബില്ലുകൾ സഭയിലെത്തിച്ച് അച്ചടിക്ക് നൽകിയിട്ടുണ്ട്. ബില്ലിന്റെ ഏഴ് കോപ്പികളിൽ സ്പീക്കർ ഒപ്പിട്ട് അതിൽ അഞ്ചെണ്ണം നിയമ വകുപ്പിലേക്ക് അയയ്ക്കും. നിയമ വകുപ്പിൽ നിന്ന്

രാജ്ഭവനിലേക്ക് അയച്ചു കൊടുക്കും.

3 ബില്ലുകളിൽ

ആശങ്ക

ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ബിൽ, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബിൽ, സഹകരണസംഘം അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകുന്ന ഭേദഗതി ബിൽ എന്നിവയിൽ ഗവർണർ ഒപ്പിടുമോ എന്ന

കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്.

Advertisement
Advertisement