എയ്ഡഡ് ഹോമിയോ 15% സീറ്റ്: എൻ.എസ്.എസ് ഹർജി സുപ്രീം കോടതി തള്ളി

Wednesday 07 September 2022 12:00 AM IST

ന്യൂഡൽഹി:എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ 15 ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്ന നിയമഭേദഗതിക്കെതിരെ എൻ.എസ്.എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിലെ സമ്പൂർണ്ണ അധികാരത്തിനായായിരുന്നു ഹർജി. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും ഒരു പോലെ കാണാൻ കഴിയില്ലെന്ന എൻ.എസ്.എസ് വാദം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.

കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതിയിലെ 2(പി) വകുപ്പ് ചോദ്യം ചെയ്താണ് എൻ.എസ്.എസ് ഹർജി നൽകിയത്. 2017 ൽ നടപ്പിലാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതി പ്രകാരം 15% മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിന് സംസ്ഥാന ഫീസ് നിർണ്ണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകൾ സമിതിക്ക് പരിശോധിക്കാം. എയ്ഡഡ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ടി.എം.എ പൈ കേസിലെ വിധിയുടെ ലംഘനമാണെന്നായിരുന്നു എൻ.എസ്.എസ് വാദം.

സർക്കാർ പണം നൽകുന്ന എയ്ഡഡ് മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടി ക്രമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും സചിവോത്തപുരം എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജിന്റെ ചെയർമാനുമായ ജി.സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ.സി. ബിന്ദു കുമാരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement
Advertisement