ഇന്ന് ഉത്രാടപ്പാച്ചിൽ...

Wednesday 07 September 2022 12:33 AM IST

പത്തനംതിട്ട : ഇന്ന് ഉത്രാടപ്പാച്ചിൽ..... തിരുവോണസദ്യയും പൂക്കളം ഒരുക്കാനും ഓണക്കോടിയെടുക്കാനുമുള്ള നെട്ടോട്ടത്തിലാണ് ഉത്രാടദിനം. നഗരത്തിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക്, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും എ.ടി.എമ്മുകൾക്ക് മുമ്പിലും നീണ്ട ക്യൂവാണ്. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യങ്ങളിലായിരുന്നു മിക്കവരുടെയും ഓണം. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും നന്നായി ആഘോഷിക്കാനുള്ള തിരക്കിലാണ്.
പൂക്കളുടെ വിപണിയിൽ വൻ കച്ചവടമാണ്. മുല്ലപ്പൂവിന് കിലോയ്ക്ക് 2000 രൂപയാണ് ജില്ലയിലെ വില. ഒരു മുഴത്തിന് എൺപത് രൂപ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കച്ചവടമാണ് ഇത്തവണ വിപണിയിൽ നടന്നതെന്ന് വ്യാപാരികൾ പറയുന്നു. കച്ചവടത്തിൽ ഉപ്പേരിക്കും പപ്പടത്തിനും തന്നെയാണ് കൂടുതൽ പേർ ആവശ്യക്കാരായുള്ളത്. ഉപ്പേരി വില കിലോയ്ക്ക് 280 കടന്നിരിക്കുകയാണ്.

പപ്പടം എണ്ണത്തിനനുസരിച്ചാണ് വില കൂടുന്നത്.
വഴിയോര കച്ചവടവും പൊതുനിരത്തിൽ വലിയ വിപണി തന്നെ നഗരത്തിലുണ്ട്. ഗതാഗതക്കുരുക്കും നിരത്തിൽ വർദ്ധിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക്കിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചു. ഗൃഹോപകരണ വിപണിയിൽ ഓണം ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗപ്പെടുത്താനുള്ളവരുടെ തിരക്കാണ്. പച്ചക്കറി, പലചരക്ക് വിപണിയിൽ തിരുവോണ വിഭവങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.

ഉപ്പേരിയ്ക്ക് കിലോയ്ക്ക് : 280 രൂപ

പപ്പടം 100 എണ്ണത്തിന് 150 രൂപ വരെ

Advertisement
Advertisement