ഓണത്തിന് കാർഷിക വിളകൾ ഒരുക്കി മഞ്ഞക്കാല ഒരുമ സംഘം

Wednesday 07 September 2022 12:05 AM IST
തലവൂർ മഞ്ഞക്കാല ഒരുമ കൂട്ടായ്മയുടെ ജൈവ കൃഷി ചേനയുടെ വിളവെടുപ്പ്

കൊല്ലം: ഓണത്തിനായി കാർഷിക വിളകളുടെ വിളവെടുപ്പ് ആഘോഷമാക്കി കർഷക കൂട്ടായ്മ. തലവൂർ മഞ്ഞക്കാലാ ഒരുമ സ്വയം സഹായ സംഘമാണ് അംഗങ്ങളുടെ അദ്ധ്വാനത്തിൽ വിളയിച്ചെടുത്ത വിളകൾ വിപണിയിൽ എത്തിച്ചത്. സംഘത്തിലെ ഒരു അംഗം സൗജന്യമായി നൽകിയ ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി. ചേന, കാച്ചിൽ, കപ്പ, ചേമ്പ്, ഏത്തവാഴ ഉൾപ്പെടെ വിവിധയിനം വാഴകൾ, പച്ചക്കറി തുടങ്ങിയവയാണ് നട്ടത്. പച്ചക്കറി നേരത്തെ വിളവെടുത്തു. പാകമായ 250 ഓളം ചേന കഴിഞ്ഞ ദിവസം വിളവെടുത്ത് വില്പന നടത്തി.

സംഘത്തിലെ അംഗങ്ങൾ തന്നെയാണ് നട്ടതും പരിചരിച്ചതും എല്ലാം. സംഘത്തിലെ മിക്കവരും റിട്ട. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും സാമൂഹ്യ പ്രവർത്തകരുമാണ്. കൃഷി വകുപ്പിന്റെ സബ്സിഡി ഉൾപ്പെടെ ആനുകൂല്ല്യങ്ങൾ ലഭിച്ചു. പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി . എല്ലുപൊടി, ചാരം, ചാണകപ്പൊടി, പച്ചില എന്നിവ വളമായി നൽകി. അദ്ധ്യാപകനായ പി.എ.സജിമോൻ പ്രസിഡന്റായും ഉണ്ണികൃഷ്ണപിള്ള സെക്രട്ടറിയായും സംഘം പ്രവർത്തിക്കുന്നു. വരും തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും ലാഭം ഉദേശിച്ചല്ലെന്നും പ്രസിഡന്റ് പി.എ.സജിമോൻ പറഞ്ഞു.

Advertisement
Advertisement