2024ൽ 144 സീറ്റുകൾ കൂടി വീണ്ടെടുക്കാൻ ബി.ജെ.പി

Wednesday 07 September 2022 1:15 AM IST

ന്യൂഡൽഹി: പ്രതിപക്ഷത്ത് ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിർണായക നീക്കങ്ങൾക്കിടെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള മാർഗരേഖ തയ്യാറാക്കാൻ ബി.ജെ. പി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാർ അടക്കം ഉന്നതർ യോഗം ചേർന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ നഷ്‌ടമായ 144 സീറ്റുകളിൽ അടക്കം വിജയം ഉറപ്പിക്കാൻ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ഇവ ഉറപ്പിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം കൂട്ടാമെന്നാണ് കണക്കുകൂട്ടൽ. തങ്ങൾക്ക് ചുമതല ലഭിച്ച 3 - 4 മണ്ഡലങ്ങൾ സന്ദർശിച്ച അനുഭവങ്ങൾ കേന്ദ്രമന്ത്രിമാർ വിവരിച്ചു. കേന്ദ്രം ആവിഷ്‌കരിച്ച സാമൂഹിക പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണം സരൾ എന്ന പോർട്ടലിൽ ഫയൽ ചെയ്യാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. വോട്ടർമാരുടെ പ്രതികരണം വിലയിരുത്തി ഒാരോ മണ്ഡലത്തിലും തന്ത്രങ്ങൾക്ക് രൂപം നൽകും. ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ അമിത് ഷാ മന്ത്രിമാരോട് അഭ്യർത്ഥിച്ചു.

Advertisement
Advertisement