സദ്യ വിളമ്പാൻ തമിഴ്നാട് തൂശനില

Wednesday 07 September 2022 2:16 AM IST

കൊല്ലം/ചെങ്കോട്ട: വാഴയിലയില്ലാതെ ഓണത്തിന് എന്ത് സദ്യ?. ഉപ്പേരിയും പപ്പടവും തൊടുകറികളും മലയാളിക്ക് വിളമ്പളമെങ്കിൽ തൂശനിലതന്നെ വേണം.

എന്നാൽ വാഴയില വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. 'തമിഴ് മക്കൾ' കനിഞ്ഞാലേ വാഴയിലയിൽ മലയാളിക്ക് സദ്യയുണ്ണാനാകൂ. തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ നിന്നാണ് വാഴയില കൂടുതലായും ജില്ലയിലെത്തുന്നത്.

ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റിനം വാഴയിലകളേക്കാൾ താരതമ്യേന കട്ടികുറവുള്ളതും പെട്ടന്ന് പൊട്ടിപ്പോകാത്തതും കൊണ്ടാണ് ഞാലിപ്പൂവൻ വാഴയുടെ ഇല സദ്യയ്ക്ക് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ ഇലയ്ക്ക് വേണ്ടി കൃഷി ചെയ്യുന്ന 'തേൻ' വാഴയിലയ്ക്കും കേരളത്തിൽ പ്രിയമേറെയാണ്.

സാധാരണ ഒരു ഇലയ്ക്ക് ഒരു രൂപയിൽ താഴെയേ വിലയുള്ളൂ. എന്നാൽ ഓണക്കാലമായതോടെ മൊത്തവിപണിയിൽ ഒരിലയ്ക്ക് ശരാശരി അഞ്ച് രൂപയോളമെത്തി. ചില്ലറ വിൽപ്പനശാലകളിൽ പത്ത് രൂപയോളം വരും. ചിങ്ങമാസത്തിലെ വിവാഹങ്ങൾ കൂടിയതും ഇലയ്ക്ക് ഡിമാൻഡ് വർദ്ധിപ്പിച്ചു.

Advertisement
Advertisement