ഗുരുദേവ ജയന്തി ദിനത്തിൽ ചരിത്രം തീർക്കാൻ കൊല്ലത്ത് മഹാ ഘോഷയാത്ര

Wednesday 07 September 2022 2:19 AM IST

കൊല്ലം: 168-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ചരിത്രം തീർക്കുന്ന ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് യോഗം കൊല്ലം യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജയന്തി ദിനമായ 10ന് സമ്മേളന സ്ഥലമായ കൊല്ലം ശ്രീനാരായണ കോളേജിൽ രാവിലെ 8ന് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പീതപതാക ഉയർത്തും. വൈകിട്ട് 5ന് സിംസ് ആശുപത്രി അങ്കണത്തിലെ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. യൂണിയൻ, യോഗത്തിന്റെ പോഷക സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശ്രീനാരായണ സ്ഥാപനങ്ങളുടേ മേധാവിമാർ തുടങ്ങിവർ നേതൃത്വം നൽകും.

വാദ്യമേളങ്ങളും പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. യൂണിയൻ പരിധിയിലെ 75 ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയർ പ്രത്യേക ബാനറുകൾക്ക് പിന്നിൽ അണിനിരക്കും. ഇതിന് പുറമേ വിവിധ ശാഖകൾ, ശ്രീനാരായണ സ്ഥാപനങ്ങൾ എന്നിവ ഒരുക്കുന്ന ഫ്ലോട്ടുകളുമുണ്ടാകും.

ഘോഷയാത്ര സിംസ് വളപ്പിൽ നിന്ന് ചിന്നക്കട ആർ.ശങ്കർ സ്ക്വയർ, റെയിൽവേ സ്റ്റേഷൻ, എ.ആർ ക്യാമ്പ്, വഴി സമ്മേളന വേദിയായ എസ്.എൻ കോളേജിലെത്തും. തുടർന്ന് 6.30ന് ജയന്തിസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. എൻ.കെ.പ്രേമചന്ദ്രൻ ജയന്തി സന്ദേശം നൽകും. യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും സമ്മാനദാനവും നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, ശങ്കേഴ്സ് ആശുപത്രി അഡ്ഹോക്ക് കമ്മിറ്റി അഗം അനിൽ മുത്തോടം എന്നിവർ ആശംസകൾ നേരും. ആർ.ഡി.സി മുൻ ചെയർമാൻ മഹിമ അശോകൻ നന്ദി പറയും.

യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ പഞ്ചായത്ത് അംഗം ഇരവിപുരം സജീവൻ, യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി. രാജമോഹൻ, പ്രമോദ് കണ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement