റെയ്ന വിരമിച്ചു

Wednesday 07 September 2022 2:45 AM IST

ഇനി വിദേശ ലീഗുകളിലേക്ക് ?

ലക്നൗ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്ന. വിദേശ ട്വന്റി- ലീഗുകളിൽ കളിക്കാനാണ് റെയ്‌നയുടെ തയ്യാറെടുപ്പെന്നാണ് വിവരം. ഇന്നലെ ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. രാജ്യത്തിനും സംസ്ഥാനമായ യു.പിക്കും വേണ്ടി കളിക്കാനായതിൽ അഭിമാനമുണ്ട്. ഞാൻ ക്രിക്കറ്രിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണ്. ബി.സി.സി.ഐയ്ക്കും യു.പി ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പർ കിംഗ്സിനും രാജീവ് ശുക്ലയ്ക്കും എന്റെ കഴിവിൽ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകർക്കും ഒരുപാട് നന്ദി- വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ചെയ്ത ട്വീറ്റൽ റെയ്ന കുറിച്ചു.

2020 ആഗസ്റ്റ് 15ന് ധോണിക്ക് പിന്നാലെ റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2021ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐ.പി.എല്ലിൽ കളിച്ചിരുന്നു. എന്നാൽ 2022 സീസണിന് മുമ്പ് മിസ്റ്റർ ഐ.പിഎൽ എന്ന് വിളിപ്പേരുള്ള റെയ്‌നയെ ചെന്നൈ റിലീസ് ചെയ്തിരുന്നു. തുടർന്ന് നടന്ന മെഗാലേലത്തിലും ഒരു ഫ്രാഞ്ചൈസിയും റെയ്നയെ വാങ്ങാൻ തയ്യാറായിരുന്നില്ല. ഇനി ഐ.പി.എല്ലിലും ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിലും 35കാരനായ റെയ്ന കളിക്കില്ല. ഇന്ത്യൻ ടീമിലൊ ഇന്ത്യൻ ആഭ്യന്തര ലീഗുകളിലൊ കളിക്കുന്ന താരത്തിന് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ നിയമപരമായി വിലക്കുണ്ട്. ഈ പ്രശ്നം ഒഴിവാക്കാനാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികൾ റെയ്നയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

ഐ.പി.എല്ലിൽ 205 മത്സരങ്ങളിൽ നിന്നായി 5528 റൺസ് സ്വന്തമാക്കി. ഇതിൽ 4687 റൺസും ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. 13 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 226 ഏകദിനങ്ങളിലും 78 ട്വന്റി-20കളിലും 18 ടെസ്റ്റിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞു.

Advertisement
Advertisement