സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ  മലവെള്ളപ്പാച്ചിലിനും  ഉരുൾപൊട്ടലിനും  സാദ്ധ്യത

Wednesday 07 September 2022 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.

ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസങ്ങളിൽ ന്യുനമ‌ർദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.