മെട്രോയിലെ ചാർജിംഗ് സ്റ്റേഷൻ മൂന്ന് മാസത്തിനുള്ളിൽ

Sunday 11 September 2022 1:58 AM IST

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് ഹബ്ബ് കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിൽ ഒരുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. അനെർട്ടും മെട്രോയും തമ്മിൽ ഇതിനുള്ള കരാർ രണ്ടാഴ്ച മുമ്പ് ഒപ്പുവെച്ചു.

കുസാറ്റ്, മുട്ടം സ്റ്റേഷനുകളിലെ ചാർജിംഗ് സ്റ്റേഷനുകളുടെ പണികൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങും. ലാർസൻ ആൻഡ് ടുബ്രോയ്ക്കാണ് നിർമ്മാണ ചുമതല. മണ്ണ് പരിശോധന കൂടി തീർന്നാൽ നിർമ്മാണം ആരംഭിക്കും.

മെട്രോ എം.ഡിയുടെ നിലപാട് നിർണായകമായി
യൂണിറ്റിന് ഒരു രൂപയേ മെട്രോയ്ക്ക് ലഭിക്കൂവെന്നതിനാൽ മെട്രോ ഉന്നത ഉദ്യോഗസ്ഥ എതിർപ്പിനെ തുടർന്ന് കരാർ ഒപ്പിടുന്നത് വൈകിയിരുന്നു. എന്നാൽ, എം.ഡി ലോകനാഥ് ബെഹ്‌റയുടെ നിലപാട് നടപടികൾ അതിവേഗത്തിലാക്കി. പദ്ധതി ഭാവിയേ മുന്നിൽ കണ്ടുള്ളതാണെന്നും അത് നടപ്പാക്കണമെന്നും ബെഹ്‌റ നിലപാടെടുത്തു. അതാണ് നിർണായകമായി.
10 വർഷത്തേക്ക് മെട്രോയും അനെർട്ടും തമ്മിൽ കരാർ ഒപ്പിടാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, എതിർപ്പ് ഉയർന്നതിനേത്തുടർന്ന് കരാർ വ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തി. അഞ്ചു വർഷത്തിനു ശേഷം മാറ്റങ്ങൾ (അപ്‌ഡേഷൻ) ഉണ്ടായാൽ കരാറിലും യഥാക്രമം മാറ്റങ്ങൾ വരുത്താമെന്നും അതിന്റെ ഉത്തരവാദിത്തം അനെർട്ടിനായിരിക്കുമെന്നുമുള്ള വ്യവസ്ഥ കൂടി കൂട്ടിച്ചേർത്തു.

ഒരേസമയം ഒമ്പത് വാഹനങ്ങൾ ചാർജ് ചെയ്യാനാകുന്ന ഹബ്ബാണ് മെട്രോ സ്‌റ്റേഷനുകളിൽ സ്ഥാപിക്കുക. അഞ്ചു കാർ, മൂന്ന് ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവയാണ് ചാർജ് ചെയ്യുക. മൂന്ന് ചാർജിംഗ് മെഷീനുകൾ വീതമുണ്ടാകും. 82, 60, 10 എന്നീ കിലോവാട്ടിന്റെ മൂന്ന് ചാർജിംഗ് മെഷീനാകും സ്ഥാപിക്കും.

1,500 ചതുരശ്ര അടിയിലാണ് ചാർജിംഗ് ഹബ്ബ്. ഒരു ഹബ്ബിൽ 5 കിലോവാട്ട് വൈദ്യുതി വേണം. ഒരു കിലോവാട്ട് വൈദ്യുതിക്ക് നാല് സൗരോർജ പാനൽ. അഞ്ച് കിലോവാട്ടിന് 20 പാനൽ സ്ഥാപിക്കാൻ മാത്രം 500 ചതുരശ്ര അടി സ്ഥലം. മേൽക്കൂരയോട് കൂടി സ്റ്റേഷൻ സ്ഥാപിക്കാൻ 35ലക്ഷമാകും.
അടുത്ത ഘട്ടങ്ങളിൽ ചാർജിംഗ് ഹബ്ബുകളുടെ എണ്ണം കൂട്ടും. ദേശീയ പാതയോരങ്ങളിലെ സർക്കാർ സ്ഥാപനങ്ങളും പരിഗണിക്കും. റിഫ്രഷ്മെന്റ് ഏരിയയും കഫെറ്റീരിയയും വേണമെന്നു മാത്രം. 10 വർഷത്തേക്ക് അനർട്ടിന് സ്ഥലം വിട്ടുനൽകണം.


കേരളത്തിൽ ഏറ്റവുമധികം വൈദ്യുതി വാഹനങ്ങളുള്ള നഗരമാണ് കൊച്ചി. പുതിയ പദ്ധതി വൈദ്യുതി വാഹനങ്ങളുടെ പ്രചാരം മുന്നിൽ കണ്ടാണ്.

ജെ. മനോഹർ,
ഇ- മൊബിലിറ്റി സെൽ മേധാവി,
അനർട്ട്

Advertisement
Advertisement