ശതാബ്ദി​ നി​റവി​ൽ ചരിത്ര സദനം

Thursday 08 September 2022 12:23 AM IST

ശ്രീനാരായണ വിദ്യാർത്ഥി സദനം ശതാബ്ദി ആഘോഷത്തി​ന് ഒരുങ്ങി​

കൊച്ചി : ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചിരുന്ന ഇരുളടഞ്ഞ കാലഘട്ടത്തിൽ ശ്രീനാരായണഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ആശയങ്ങളുടെ പിന്തുടർച്ചയായി സ്ഥാപിക്കപ്പെട്ട എറണാകുളത്തെ ആദ്യത്തെ വനിതാ ഹോസ്റ്റലായ ശ്രീനാരായണ വിദ്യാർത്ഥി സദനത്തിന്റെ ശതാബ്ദി ആഘോഷത്തിന് ശനിയാഴ്ച തുടക്കമാകും.പാവനചരിതയായ തപസ്വിനി അമ്മയാണ് സദനത്തിന്റെ സ്ഥാപക.

ഈഴവ സമുദായത്തിലെ ആദ്യ മെട്രികുലേറ്ററും ആയുർവേദ, അലോപ്പതി,ഹോമിയോപ്പതി മുതലായ വൈദ്യശാഖകളിൽ നിപുണനുമായിരുന്ന അച്ചുക്കുട്ടിയുടെ മകളായ പാപ്പിക്കുട്ടിയാണ് പിന്നീട് തപസ്വിനി അമ്മയായും സിസ്റ്റർ തപസ്വിനിയായും മാറിയത്.

അയിത്തജാതികളിൽ പെട്ട വിദ്യാർത്ഥികൾക്ക് മറ്റൊരു ഹോസ്റ്റലിലും പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തിൽ എറണാകുളത്തു വന്നുപഠിച്ചിരുന്ന സാധു പെൺകുട്ടികളുടെ അഭയസ്ഥാനമായി. അനാഥസ്ത്രീകൾക്കായി അബലാശരണം സ്ഥാപനവും സ്ത്രീകൾക്ക് സ്വയം പര്യാപ്തരാക്കാൻ ലക്ഷ്യമിട്ട് ഇൻഡസ്‌ട്രിയിൽ സ്കൂളും തുടങ്ങി.

പ്രായാധിക്യം മൂലം തപസ്വിനി അമ്മയ്ക്ക് സ്ഥാപനം നടത്തികൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഇൻഡസ്ട്രിയിൽ സ്കൂളിന്റെ ചുമതല എസ്.എൻ.വി സദനം ഏറ്റെടുത്തു. എസ്.എൻ.വി സദനത്തോടനുബന്ധിച്ച് 1994ൽ സ്ഥാപിച്ച വയോജനമന്ദിരത്തിൽ ഇപ്പോൾ 34 അംഗങ്ങളുണ്ട്. 374 അംഗങ്ങളുള്ള കെ.എസ്.ആർ.എം ലൈബ്രറി, എസ്.എൻ.വി സദനം മെയിൻ ഹോസ്റ്റൽ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, തപസ്വിനി ചൈതന്യം ഹോസ്റ്റൽ, ശാന്തിനികേതനം കമ്മ്യൂണിറ്റി ഹോം, കെ.എസ്.രാഘവൻ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, അബലാശരണം ഇൻഡസ്ട്രിയൽ സ്‌കൂൾ എന്നിവയാണ് ശ്രീനാരായണ വിദ്യാർത്ഥി സദനം ട്രസ്റ്റിന്റെ കീഴിലുള്ളത്.

ശനിയാഴ്ച രാവിലെ പത്തിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ശതാബ്ദി ആഘോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മരണിക അദ്ദേഹം പ്രകാശനം ചെയ്യും. ജസ്റ്റിസ് മേരി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷയാകും. പ്രൊഫ എം.കെ. സാനു ശതാബ്ദി സന്ദേശം നൽകും. മേയർ എം. അനിൽകുമാർ ലോഗോ പ്രകാശനം ചെയ്യും.

Advertisement
Advertisement