ഉയർന്ന ഫീസും സിലബസും...യുക്രെയിനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ആശങ്കയൊഴിയുന്നില്ല

Thursday 08 September 2022 12:35 AM IST
സെപ്തംബർ അഞ്ചിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത്

മലപ്പുറം: യുക്രെയിനിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചെങ്കിലും ആശങ്കയൊഴിയുന്നില്ല.

മാതൃസ്ഥാപനം യുക്രെയിനിൽ നിലനിറുത്തി ജോർജിയ, ഉസ്ബെക്കിസ്ഥാൻ, പോളണ്ട് എന്നിവിടങ്ങളിൽ തുടർപഠനമാവാമെന്ന് യുക്രെയിൻ സർവകലാശാലകൾ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. പക്ഷേ, ഫീസും സിലബസും പ്രശ്നമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

യുക്രെയിനിൽ വാർഷിക ഫീസ് 3-5ലക്ഷം വരെയാണെങ്കിൽ പോളണ്ടിൽ 9-11 ലക്ഷം വരെയാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് കാരണമാണ് വിദ്യാർ‌ത്ഥികൾ പഠനത്തിനായി യുക്രെയിനിലേക്ക് പോയത്.

മാതൃസർവകലാശാലയിലേതിന് സമാനമായ സിലബസ് കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. ചില രാജ്യങ്ങളിൽ അഞ്ചും നാലും അക്കാഡമിക് വർഷങ്ങളാണുള്ളത്. യുക്രെയിനിൽ ആറ് വർഷമാണ്.

തിരഞ്ഞെടുക്കുന്ന സർവകലാശാലകൾ നിശ്ചിത കാലത്തേക്കാണ് തുടർപഠനം അനുവദിക്കുന്നതെന്നതും പ്രശ്നമാണ്. കാലാവധി കഴിഞ്ഞിട്ടും യുക്രെയിനിലെ യുദ്ധ സാഹചര്യത്തിൽ മാറ്റമില്ലെങ്കിൽ പഠനം വീണ്ടും മുടങ്ങും. ഇക്കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

ഇന്ത്യയിൽ പഠിക്കാനാവുമോ ?

ഏതെങ്കിലും രാജ്യത്ത് യുദ്ധമോ ആഭ്യന്തര കലഹമോ ഉണ്ടായാൽ അവിടെ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്താൻ എൻ.എം.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരം ഇന്ത്യയിൽ തിരിച്ചെത്തിയ 22,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ തുടർപഠനം ഒരുക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ ജൂലായ് 31ന് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ സെപ്തംബർ‌ 15ന് എൻ.എം.സി സുപ്രീംകോടതിയെ നിലപാട് അറിയിക്കും.

യുക്രെയിനിലെ യുദ്ധസാഹചര്യം തീരും വരെ, വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യമൊരുക്കണം.

- മനീഷ ഷാജു, തിരിച്ചെത്തിയ രണ്ടാം വർഷ വിദ്യാർത്ഥിനി

Advertisement
Advertisement