മത്സ്യബന്ധനത്തിനിടെ വെടിയേറ്രു; വെടിവച്ചതാര്! നാവികസേനയോ?

Thursday 08 September 2022 12:00 AM IST
വെടിയേറ്റ സെബാസ്റ്റ്യൻ ഫ്രാൻസിസ്

വെടി​യുണ്ട നേവിയുടേതല്ലെങ്കി​ൽ വലി​യ സുരക്ഷാ വീഴ്ച

കൊച്ചി: കൊച്ചി തീരക്കടലിൽ വച്ച് തലയ്ക്ക് വെടിയേറ്റ മത്സ്യത്തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു. ചെവിയുടെ ഭാഗത്ത് വെടിയേറ്റ ആലപ്പുഴ അന്ധകാരനഴി​ മണിച്ചിറയിൽ വീട്ടിൽ സെബാസ്റ്റ്യൻ ഫ്രാൻസിസിനെ (71) ഫോർട്ടുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

33 തൊഴി​ലാളി​കളുമായി ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പുറപ്പെട്ട കൊച്ചി സ്വദേശിയുടെ അൽ റഹ്മാൻ ബോട്ട് വൈപ്പിൻ കാളമുക്ക് ഹാർബറിലേക്ക് മടങ്ങവേ ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട്കൊച്ചിക്ക് പടിഞ്ഞാറ് ഒന്നര കിലോമീറ്റർ അകലെ ഐ.എൻ.എസ് ദ്രോണാചാര്യക്ക് സമീപമായിരുന്നു സംഭവം. എന്തോ വന്നടിച്ചതുപോലെയാണ് സെബാസ്റ്റ്യന് തോന്നിയത്. ഇതിന്റെ ആഘാതത്തിൽ മറിഞ്ഞു വീണു. ചോര ഒഴുകുന്നത് കണ്ട് മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ബോട്ടിൽ നിന്ന് വെടിയുണ്ട കിട്ടിയത്. വലതു ചെവിയിൽ ചെറിയ മുറിവുമാത്രമേയുള്ളൂ.

ബോട്ടി​ൽ വീണ വെടിയുണ്ട മത്സ്യത്തൊഴിലാളികൾ പൊലീസിന് കൈമാറി. നാവികസേനയുടെ ആയുധപരിശീലനത്തിനിടെ സംഭവിച്ചതാകാമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപണം ഉന്നയിച്ചെങ്കിലും കണ്ടെടുത്ത വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ആദ്യ പ്രതികരണം.

നാവിക ഉദ്യോഗസ്ഥരും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശി​ധരനും സെബാസ്റ്റ്യനെ ആശുപത്രിയിൽ സന്ദർശി​ച്ചു. നേവി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് വിവരം. വൈകിട്ട് കോസ്റ്റൽ പൊലീസ് സംഘം നാവികത്താവളത്തിലെത്തിയിരുന്നു.

 വെടിയുണ്ട എവിടെ നിന്ന് ?

കൊച്ചി കോസ്റ്റൽ പൊലീസ് ബോട്ടും സംഭവ സ്ഥലവും പരിശോധി​ക്കും. ബോട്ടിൽ തട്ടിയശേഷം വെടി​യുണ്ട സെബാസ്റ്ര്യന്റെ ചെവിയിൽ കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ സാന്നിദ്ധ്യവും നാവിക ആസ്ഥാനത്തിന്റെ സാമീപ്യവും സംഭവത്തിന് ഗൗരവം വർദ്ധിപ്പിക്കുന്നതിനാൽ പൊലീസും നാവികസേനയും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement