കുടുംബശ്രീ പ്രവർത്തകർക്ക് നൽകിയത് ചീഞ്ഞ പച്ചക്കറി

Thursday 08 September 2022 12:07 AM IST

ചോറ്റാനിക്കര : ഓണത്തിനോട് അനുബന്ധിച്ച് ചോറ്റാനിക്കര പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ചീഞ്ഞതും പുഴുവരിക്കുന്നതുമായ പച്ചക്കറി പഞ്ചായത്ത് അധികൃതർ നൽകിയതായി ആരോപണം. പച്ചക്കറികൾ നിർബന്ധിതമായി കുടുംബശ്രീ പ്രവർത്തകരിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കിറ്റ് ഒന്നിന് 100 രൂപ വീതം ഈടാക്കിയെങ്കിലും അതിൽ ആവശ്യമായ ഒരു പച്ചക്കറി ഇനങ്ങളും ഉണ്ടായിരുന്നില്ല. 2500ത്തിലധികം കിറ്റുകളാണ് നൽകിയത്. ചീഞ്ഞ പച്ചക്കറികൾ വിറ്റഴിക്കുവാൻ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കുകയായിരുന്നുവെന്ന ആക്ഷേപം വ്യാപകമാണ്.

അച്ചാറുകൾ ഓഡർ

നൽകിയിട്ടും വാങ്ങിയില്ല

കുടുംബശ്രീ പ്രവർത്തകരുടെ സംരംഭക യൂണിറ്റുകളിൽ നിന്ന് പഞ്ചായത്ത് നടത്തുന്ന ഓണം വിപണന കൗണ്ടറുകളിലേക്ക് അച്ചാറുകൾ ഓർഡർ ചെയ്തിരുന്നെങ്കിലും വാങ്ങാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. 10000 രൂപയോളം കടം വാങ്ങിയാണ് അച്ചാറുകൾ നിർമ്മിച്ചത്. നിലവിൽ വിറ്റഴിക്കാൻ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ്.

ഓണത്തിനോട് അനുബന്ധിച്ച് പഞ്ചായത്തിലെ സാധാരണക്കാരായ ആളുകൾക്ക് വിലകുറഞ്ഞ പച്ചക്കറി വീട്ടിലെത്തിക്കുകയായിരുന്നു പഞ്ചായത്തിന്റെ പ്രഥമ ലക്ഷ്യം. അതിനായി ഒട്ടനവധി പച്ചക്കറി വില്പനക്കാരെ സമീപിച്ചിരുന്നെങ്കിലും ആരും അതിന് തയ്യാറായി മുന്നോട്ടുവന്നിരുന്നില്ല. ഇരുമ്പനത്തുള്ള ഒരു വ്യാപാരിയാണ് തയ്യാറായി എത്തിയത്. അവർ നൽകിയ പച്ചക്കറി മോശമാണെന്ന പരാതി ലഭിച്ചതിനാൽ വാങ്ങിയിട്ടുള്ള വ്യക്തികൾക്ക് പണം തിരികെ നൽകുവാനും അല്ലെങ്കിൽ അവർക്ക് നല്ല പച്ചക്കറി നൽകുവാനും തീരുമാനിച്ചു.

എം ആർ രാജേഷ്

പ്രസിഡന്റ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

Advertisement
Advertisement