13.85 കോടി അനുവദിച്ചിട്ട് നാലുവർഷം; വനിതാ കോളേജിപ്പോഴും വാടക കെട്ടിടത്തിൽ

Thursday 08 September 2022 12:03 AM IST

മലപ്പുറം: ഗവ. വനിതാ കോളേജിന് സ്വന്തം കാമ്പസ് യാഥാർത്ഥ്യമാവാൻ ഇനിയുമേറെ കാത്തിരിക്കണം. 2018ൽ കോളേജിനായി കിഫ്ബിയിൽ നിന്നും 13.85 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ല. 2015-16 അക്കാദമിക വർഷത്തിൽ ആരംഭിച്ച വനിതാ കോളേജ് 2021 മാർച്ചിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ എട്ട് വർഷമായി വിവിധ വാടകക്കെട്ടിടങ്ങളിലെ അസൗകര്യങ്ങൾക്കിടയിലാണ് കോളേജിന്റെ പ്രവർത്തനം. പത്ത് ദിവസം മുമ്പാണ് കാവുങ്ങലിലെ പുതിയ വാടകക്കെട്ടിടത്തിലേക്ക് കോളേജ് മാറ്റിയത്. സൗകര്യങ്ങളുടെ കാര്യത്തിൽ ആദ്യമുണ്ടായിരുന്ന വാടകക്കെട്ടിടങ്ങളിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം പകരുന്നതാണ് പുതിയ കെട്ടിടമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

2018ലാണ് പാണക്കാട് ഇൻകെൽ എഡ്യു സിറ്റിയിൽ കോളേജിനായി അഞ്ചേക്കർ ഭൂമി സർക്കാർ അനുവദിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കി കിഫ്ബിക്ക് നൽകിയെങ്കിലും ചില മാറ്റങ്ങൾ വരുത്തി വീണ്ടും അയക്കണമെന്നായിരുന്നു നിർദ്ദേശം. പരിഷ്കരിച്ച ഡി.പി.ആർ അയച്ച് അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണിപ്പോൾ. കിഫ്ബി ഡി.പി.ആർ അംഗീകരിച്ചാലേ ടെൻഡർ നടപടികളിലേയ്ക്ക് കടക്കാനാവൂ. ബി.എസ്.സി ബോട്ടണി, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇസ്‌ലാമിക് ഹിസ്റ്ററി, ബി.എസ്.സി കെമിസ്ട്രി, എം.എസ്.സി ബോട്ടണി എന്നീ അഞ്ച് കോഴ്സുകളിലായി 450 ഓളം വിദ്യാർത്ഥിനികളാണ് കോളേജിലുള്ളത്. മലപ്പുറത്തെ ഏക ഗവ.വനിതാ കോളേജാണിത്.

നിർമ്മാണത്തിലുള്ള കെട്ടിടം ഉപകാരപ്പെടില്ല

കിഫ്ബി ഫണ്ടിന് പുറമെ പി.ഉബൈദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.30 കോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. ഫണ്ടുപയോഗിച്ച് 9,000 സ്ക്വയർ ഫീറ്റിൽ ഇരുനില കെട്ടിടത്തിന്റെ പ്രവൃത്തി നടന്നുവരികയാണ്. കാവുങ്ങലിൽ 16,000 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. വെറും 9,000 സ്ക്വയർ ഫീറ്റിലുള്ള പുതിയ കെട്ടിടത്തിൽ കുട്ടികൾക്ക് ആവശ്യമായ ലാബ്, ടോയ്‌ലറ്റ് സൗകര്യങ്ങളൊന്നും ഒരുക്കാനാവില്ല. മറ്റു കെട്ടിടങ്ങളും യാഥാർത്ഥ്യമായാലേ കോളേജിന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനാവു.

കെട്ടിടം മാറിയത് മൂന്ന് തവണ

  • 2015ൽ കോട്ടപ്പടി ബി.എച്ച്.എസ്.എസിലെ താത്കാലിക കെട്ടിടത്തിൽ പ്രവ‌ർത്തനം ആരംഭിച്ചു.
  • 2017ൽ മുണ്ടുപറമ്പിലുള്ള വാടകക്കെട്ടിടത്തിലേക്ക് മാറി.
  • അസൗകര്യങ്ങളെ തുടർന്ന് 10 ദിവസം മുമ്പ് കാവുങ്ങലിലുള്ള വാടകക്കെട്ടിടത്തിലേക്ക് മാറി.

ടെൻഡർ ക്ഷണിച്ച് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കണം. ഇപ്പോൾ പണിയുന്ന കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല. വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ കെട്ടിടം പൂർണ്ണമായി പണിയണം.

മുഹമ്മദ് ജസീർ‌

വനിതാ കോളേജ് പ്രിൻസിപ്പൽ

Advertisement
Advertisement