ജയിക്കണം, അഫ്ഗാനോടെങ്കിലും

Thursday 08 September 2022 12:52 AM IST

ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ - അഫ്ഗാനിസ്ഥാനെതിരെ

ദുബായ് : ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിൽ ഇതുവരെ ഒറ്റക്കളിപോലും ജയിക്കാൻ കഴിയാത്ത ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രോഹിത് ശർമ്മയും കൂട്ടരും ദുർബലരായ ഹോംഗ്കോംഗിനെയും തോൽപ്പിച്ചശേഷം സൂപ്പർ ഫോർ റൗണ്ടിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും സമാനമായ രീതിയിൽ തോറ്റതോടെ സമ്മർദ്ദമുനയിലാണ്. അഫ്ഗാനിസ്ഥാനും സമാനമായ സ്ഥിതിയിലാണ്. ആദ്യ റൗണ്ടിൽ ശ്രീലങ്കയെയും ബംഗ്ളാദേശിനെയും തോൽപ്പിച്ച അഫ്ഗാൻ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ലങ്കയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി നിൽക്കുകയാണ്.

മാനസികമായി തകർന്നുനിൽക്കുന്ന ഇന്ത്യയ്ക്ക്മേൽ ആധിപത്യം പുലർത്താൻ ശേഷിയുള്ളവരാണ് അഫ്ഗാൻകാർ. റഹ്മാനുള്ള ഗുർബാസ്,ഇബ്രാഹിം സദ്രാൻ,നജീബുള്ള സദ്രാൻ തുടങ്ങിയവരാണ് അഫ്ഗാന്റെ ബാറ്റിംഗ് കരുത്ത്. റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബ് റഹ്മാനും മികച്ച സ്പിന്നർമാരാണ്.

പാളിയ പരീക്ഷണങ്ങൾ

ഇന്ത്യയുടെ ഏഷ്യാകപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് മേൽ മാത്രമല്ല സൂപ്പർ ഫോറിലെ രണ്ട് പരാജയങ്ങൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അടുത്തമാസം ആസ്ട്രേലിയയിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പ് മുന്നിൽകണ്ടുള്ള കോച്ച് രാഹുൽ ദ്രാവിഡിന്റെ തയ്യാറെടുപ്പുകളെക്കൂടി ഈ തുടർതോൽവികൾ വല്ലാതെ ബാധിച്ചിട്ടുണ്ട്.

ലോകകപ്പിനുള്ള പ്ളേയിംഗ് ഇലവനെ നിശ്ചയിക്കാനായുള്ള ദ്രാവിഡിന്റെ ആദ്യ പരീക്ഷണശാലയായിരുന്നു ഏഷ്യാകപ്പ്. ആദ്യ മത്സരം മുതൽ ടീം ഫോർമേഷനിൽ പലമാറ്റങ്ങളും ദ്രാവിഡ് വരുത്തിയിരുന്നു. റിഷഭ് പന്തിനെ പുറത്തിരുത്തി ദിനേഷ് കാർത്തികിനാണ് ആദ്യ മത്സരത്തിൽ അവസരം നൽകിയത്. ആദ്യ കളിയിൽ മാൻ ഒഫ് ദ മാച്ചായ ഹാർദിക് പാണ്ഡ്യ രണ്ടാം മത്സരത്തിൽ പുറത്തിരുന്നു.ദിനേഷ് കാർത്തിക്കും റിഷഭ് പന്തും ഒരുമിച്ച് കളത്തിലിറങ്ങി. അടുത്തമത്സരം മുതൽ കാർത്തിക് കരയ്ക്കിരിക്കുകയും പന്ത് കളിക്കുകയും ചെയ്തു. ദീപക് ഹൂഡയും പരീക്ഷിക്കപ്പെട്ടു.

ബൗളിംഗിലും ഈ വിധത്തിലുള്ള പരീക്ഷണങ്ങളാണ് നടന്നത്. രവി ബിഷ്ണോയ്,അശ്വിൻ ,ആവേഷ് ഖാൻ എന്നിവർക്ക് അവസരങ്ങൾ മാറിമാറി നൽകി. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹാർദിക്കിന് പിന്നീട് ബാറ്റിംഗിലും ബൗളിംഗിലും ആ മികവിന്റെ ഏഴയലത്തുപോലും എത്താനാവാത്തതാണ് ഏറ്റവും വലിയ നിരാശ. അതിനാെപ്പം ജഡേജയുടെ പരിക്കുംകൂടിയായപ്പോൾ ഇന്ത്യയുടെ ആൾറൗണ്ട് ഓപ്ഷൻസ് തകിടം മറിഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായാണ് ഇന്ത്യ കളിച്ചത്. അതുകൊണ്ടുതന്നെ അവസാന ഓവർ എറിയാൻ അർഷ്ദീപിനെപ്പോലൊരു പുതുമുഖത്തെ പന്തേൽപ്പിക്കേണ്ടിവന്നു.

ദ്രാവിഡിന്റെ വെല്ലുവിളികൾ

ലോകകപ്പിനായി ഒരു 'ടീമി'നെ ഒരുക്കിയെടുക്കുക എന്നത് അക്ഷരാർത്ഥത്തിൽ കോച്ച് ദ്രാവിഡിന് മുന്നിലുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിലെ തോൽവികൾ താരങ്ങളുടെ ശരീരഭാഷയിലും കളിക്കളത്തിലും ഡ്രെസിംഗ് റൂമിലുമുള്ള പെരുമാറ്റത്തിലും അത്ര സുഖകരമായ സാഹചര്യമല്ല സൃഷ്ടിച്ചിരിക്കുന്നത്.പലേടത്തും അഭിപ്രായഭിന്നതകൾ പുറത്തുവരുന്നുണ്ട്. വ്യക്തിഗത മികവുകൾ പുറത്തെടുക്കാൻ പലർക്കും കഴിയുന്നുണ്ട്. എന്നാൽ അത് ടീമിന് ഗുണകരമാകുന്ന രീതിയിൽ മാറ്റിയെടുക്കുനാവുന്നില്ല. പല പല കോമ്പിനേഷനുകൾ പരീക്ഷിക്കുന്നതിനൊപ്പം ടീം കൂട്ടായ്മ സൃഷ്ടിക്കാൻ കൂടി ദ്രാവിഡ് ശ്രമിക്കേണ്ടതുണ്ട്.

ഇന്നത്തെ മത്സരം

ഇന്ത്യ Vs അഫ്ഗാനിസ്ഥാൻ

നാളത്തെ മത്സരം

ശ്രീലങ്ക Vs പാകിസ്ഥാൻ

ടി.വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ

Advertisement
Advertisement