ഒൻസ്,ഗാർഷ്യ സെമിയിൽ

Thursday 08 September 2022 12:54 AM IST

യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ ഒൻസ് ജബേയുറും കരോളിൻ ഗാർഷ്യയും സെമിയിൽ

പുരുഷ സിംഗിൾസിൽ കചാനോവും കാസ്പർ റൂഡും സെമിഫൈനലിൽ

ന്യൂയോർക്ക് : ടുണീഷ്യൻ താരം ഒൻസ് ജബേയുറും ഫ്രഞ്ചുകാരി കരോളിൻ ഗാർഷ്യയും യു.എസ് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിന്റെ സെമിഫൈനലിലെത്തി. പുരുഷ സിംഗിൾസിൽ റഷ്യക്കാരൻ കാരെൻ കചാനോവും ഡെന്മാർക്കിന്റെ കാസ്പർ റൂഡും അവസാന നാലിൽ ഇടം പിടിച്ചിട്ടുണ്ട്.

ക്വാർട്ടർ ഫൈനലിൽ ആസ്ട്രേലിയക്കാരി അജ്ല ടോംലാനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് അഞ്ചാം സീഡുകാരിയായ ഒൻസ് ക്വാർട്ടറിലേക്ക് കാലെടുത്തുവച്ചത്.സ്കോർ : 6-4,7-6. ഒരു മണിക്കൂർ 41 മിനിട്ട് നേരത്തെ പോരാട്ടത്തിന് ഒടുവിലാണ് ഒൻസ് വിജയം കണ്ടത്.

ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യ ക്വാർട്ടറിൽ അമേരിക്കൻ യുവതാരം കോക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സെമിയിലെത്തിയത്. ഒരു മണിക്കൂർ 37 മിനിട്ട് നീണ്ട മത്സരത്തിൽ 6-3,6-4 എന്ന സ്കോറിനായിരുന്നു കരോളിന്റെ വിജയം.

ഇറ്റാലിയൻ താരം മാറ്റിയോ ബെരേറ്റിനിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ അഞ്ചാം സീഡായ കാസ്പർ റൂഡ് തോൽപ്പിച്ചത്. രണ്ട് മണിക്കൂറും 36 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവിൽ 6-1,6-4,7-6 എന്ന സ്കോറിനായിരുന്നു കാസ്പറിന്റെ വിജയം.മറ്റൊരു ക്വാർട്ടർ ഫൈനലിൽ വിവാദതാരം നിക്ക് കിർഗീയോസിനെ അഞ്ചുസെറ്റ് ഇഞ്ചോടിഞ്ച് പൊരുതിയാണ് കചാനോവ് കീഴടക്കിയത്. സ്കോർ :7-5,4-6,7-5,6-7,6-4. മൂന്ന് മണിക്കൂർ 39 മിനിട്ട് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് കചാനോവ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് നേടി കിർഗിയോസ് തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ വീണ്ടും കചാനോവിന്റെ മുന്നേറ്റം കണ്ടപ്പോൾ നാലാം സെറ്റ് കിർഗിയോസ് സ്വന്തമാക്കിയതോടെ കളി നിർണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. അവിടെ മികവ് പുലർത്തിയ കചാനോവ് വിജയം നേടിയെടുക്കുകയായിരുന്നു.

Advertisement
Advertisement