ഒറ്റവിക്കറ്റിന് പാക് ജയം, ഇന്ത്യ പടിക്ക് പുറത്ത്

Thursday 08 September 2022 12:57 AM IST

അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഏഷ്യാകപ്പ് ഫൈനലിൽ

ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ ഞായറാഴ്ച, ഇന്ന് ഇന്ത്യ അഫ്ഗാനോട്

ദുബായ് : ഏഷ്യാകപ്പിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷകളും വെള്ളത്തിലാക്കി പാകിസ്ഥാൻ ഫൈനലിലെത്തി. ഇന്നലെ നടന്ന സൂപ്പർ ഫോർ മത്സരത്തിൽ ഒറ്റവിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ നേർത്ത ഇന്ത്യൻ പ്രതീക്ഷകളെ തകർത്തുകളഞ്ഞത്. ആദ്യം ബാറ്റുചെയ്ത് 129/6 എന്ന സ്കോറിൽ ഒതുങ്ങേണ്ടിവന്നെങ്കിലും പാകിസ്ഥാന്റെ ഒൻപത് വിക്കറ്റുകൾ പിഴുത് വീര്യം കാട്ടിയ അഫ്ഗാൻകാർ അവസാനഓവറിൽ പിടിവിട്ടുകളയുകയായിരുന്നു.

ഈ വിജയത്തോടെ പാകിസ്ഥാൻ ഫൈനലിലെത്തി. അഫ്ഗാനെയും ഇന്ത്യയെയും സൂപ്പർ ഫോറിൽ കീഴടക്കിയ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ. ഞായറാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള ഫൈനൽ. നാളെ ഇതേടീമുകൾ തമ്മിൽ സൂപ്പർ ഫോർ റൗണ്ടിലും ഏറ്റുമുട്ടുന്നുണ്ട്. അതേസമയം ഇന്ത്യ ചടങ്ങ് തീർക്കാനായി ഇന്ന് സൂപ്പർ ഫോറിലെ അവസാനമത്സരത്തിൽ അഫ്ഗാനെ നേരിടും.

ഇന്നലെ പാകിസ്ഥാൻ തോറ്റിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ അൽപ്പം സാദ്ധ്യതയെങ്കിലും അവശേഷിച്ചേനെ. അവസാനംവരെ ആ പ്രതീക്ഷ ഇന്ത്യയ്ക്ക് നൽകിതന്നെയാണ് അഫ്ഗാൻ പൊരുതിയത്. പക്ഷേ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സിന് പറത്തിയ വാലറ്റക്കാരൻ നസീം ഷാ പാകിസ്ഥാന് വിജയമേകുകയായിരുന്നു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് വേണ്ടി ഓപ്പണർമാരായ ഹസ്രത്തുള്ളയും(21), ഗുർബാസും(17) ചേർന്ന് 3.5 ഓവറിൽ 36 റൺസ് കൂട്ടിച്ചേർത്തിരുന്നു.ഗുർബാസിനെ ബൗൾഡാക്കി ഹാരിസ് റൗഫാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്ന് ഇബ്രാഹിം സദ്രാൻ (35) പൊരുതിനോക്കിയെങ്കിലും കരീം ജാനത്ത്(15),നജീബുള്ള സദ്രാൻ (10),മുഹമ്മദ് നബി(0) എന്നിവർ പുറത്തായത് അഫ്ഗാന് തിരിച്ചടിയായി.റാഷിദ് ഖാനും (18*) അസ്മത്തുള്ളയും (10*) അവസാന ഓവറുകളിൽ നടത്തിയ പോരാട്ടമാണ് 129ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് ബാബർ അസമിനെയും(0),ഫഖാർ സമാനെയും (5) തുടക്കത്തിലേ നഷ്ടമായി. തുടർന്ന് റിസ്‌വാൻ(20),ഇഫ്തിഖർ(30),ഷദാബ് (36)എന്നിവർ പൊരുതിയെങ്കിലും മുറയ്ക്ക് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ ഒറ്റവിക്കറ്റ് മാത്രം ശേഷിക്കേ പാകിസ്ഥാന് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്ന ഫസൽഹഖ് ഫറൂഖി പന്തെടുത്തപ്പോൾ കളി കണ്ടിരുന്ന ഇന്ത്യൻ ആരാധകരും ആവേശത്തിലായിരുന്നു.എന്നാൽ യുവ പേസർ നസീം ഷാആദ്യ രണ്ട് പന്തുകളും സിക്സിന് പറത്തി വിധിമാറ്റിയെഴുതുകയായിരുന്നു.

Advertisement
Advertisement