വിജയച്ചിറകേറി റയലും സിറ്റിയും പാരീസും,ചിറകറ്റ് ചെൽസി

Thursday 08 September 2022 1:04 AM IST

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 3-കെൽറ്റിക് 0

പി.എസ്.ജി 2- യുവന്റസ് 1

മാഞ്ചസ്റ്റർ സിറ്റി 4- സെവിയ്യ 0

ഷാക്തർ 4-ലെയ്പ്സിഗ് 1

എ.സി മിലാൻ 1-സാൽസ് ബർഗ് 1

ഡൈനാമോ സാഗ്രെബ് 1- ചെൽസി 0

ബൊറൂഷ്യ 3- കോബൻ ഹാവെൻ 0

ബെൻഫിക്ക 2-മക്കാബി ഹൈഫ 0

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ വൻകരയിലെ വമ്പൻ ടീമുകളായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും പാരീസ് എസ്.ജിയും വിജയം കണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് ചെൽസി തോൽവി വഴങ്ങി.

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്കോട്ടിഷ് ക്ളബ് കെൽറ്റിക്കിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലുഗോളുകൾക്ക് സ്പാനിഷ് ക്ളബ് സെവിയ്യെയാണ് തുരത്തിയത്. പാരീസ് എസ്.ജി ഇറ്റാലിയൻ ക്ളബ് യുവന്റസിനെ ഒന്നിനെതിരെ രണ്ട്ഗോളുകൾക്കാണ് തോൽപ്പിച്ചത്.ക്രൊയേഷ്യൻ ക്ളബ് ഡൈനാമോ സാഗ്രെബിൽ നിന്ന് മറുപടിയില്ലാത്ത ഏക ഗോളിന്റെ തോൽവിയാണ് ചെൽസി ഏറ്റുവാങ്ങിയത്.

കെൽറ്റിക്കിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയർ,ലൂക്കാ മൊഡ്രിച്ച്, ഏദൻ ഹസാഡ് എന്നിവർ നേടിയഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം കണ്ടത്. 56-ാം മിനിട്ടിൽ വിനീഷ്യസിലൂടെയാണ് റയൽ ഗോളടി തുടങ്ങിയത്. 60-ാം മിനിട്ടിൽ ലൂക്കയും 77-ാം മിനിട്ടിൽ ഹസാഡും സ്കോർ ചെയ്തു. വിജയത്തിനിടയിലും സൂപ്പർ താരം കരിം ബെൻസേമയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടിവന്നത് റയലിന് തിരിച്ചടിയായി.

സെവിയ്യയുടെ തട്ടകത്തിൽ ചെന്നാണ് മാഞ്ചസ്റ്റർ സിറ്റി നാലുഗോളുകൾ അടിച്ചുകൂട്ടിയത്. പ്രിമിയർ ലീഗിൽ ഗോളുകൾ അടിച്ചുകൂട്ടുന്ന എർലിംഗ് ഹാലൻഡ് ഇരട്ടഗോളോടെ ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ സിറ്റി കുപ്പായത്തിൽ അരങ്ങേറി. 20,67 മിനിട്ടുകളിലാണ് ഹാലൻഡ് സ്കോർ ചെയ്തത്. ഫിൽ ഫോഡൻ,റൂബൻ ഡയസ് എന്നിവരും ഒാരോ ഗോളടിച്ചു.

യുവ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ നേ‌ടിയ ഇരട്ടഗോളുകൾക്കാണ് പി.എസ്.ജി യുവന്റസിനെ തകർത്തത്. അഞ്ചാം മിനിട്ടിലും 22-ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 53-ാം മിനിട്ടിൽ മക്കെന്നിയാണ് യുവന്റസിന്റെ ആശ്വാസഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഡൈനാമോ സാഗ്രെബ് ചെൽസിയെ അട്ടിമറിച്ചത്.13-ാം മിനിട്ടിൽ ഒറിസിച്ചാണ് ചെൽസിയുടെ ചങ്കുതകർത്ത ഗോൾ നേടിയത്.

Advertisement
Advertisement