ലഹരിയോട് പടവെട്ടാൻ അദ്ധ്യാപക യോദ്ധാക്കൾ

Thursday 08 September 2022 4:36 AM IST

യോദ്ധാവ് - പൊലീസിന്റെ പുതിയ പദ്ധതി

തിരുവനന്തപുരം:വിദ്യാലയങ്ങളിൽ ലഹരിയോട് പടവെട്ടാൻ അദ്ധ്യാപകരും പൊലീസും സ്റ്റുഡന്റ് കേഡറ്റുകളും യോദ്ധാക്കളാവുന്ന പദ്ധതിയുമായി പൊലീസ്. സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് രക്ഷിക്കുകയാണ് ദൗത്യം.

വിദ്യാഭ്യാസം,ആരോഗ്യം, എക്‌സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമാകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തുകയും​ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്യും.

ഒരു സ്‌കൂളിൽ നിന്ന് ഒരു അദ്ധ്യാപകൻ

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ ( യോദ്ധാവ് )​ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കും. ഇവർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും ബോധവത്ക്കരണത്തിനും ഇവരുടെ സേവനം വിനിയോഗിക്കും.

ഈ അദ്ധ്യാപകരുടെ യോഗം അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിക്കും. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫീസർ.

ജനമൈത്രി പൊലീസിനും പരിശീലനം നൽകി ബോധവത്കരണത്തിന് നിയോഗിക്കും.

ജനമൈത്രി പൊലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നാർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും

 ആയിരം സ്‌കൂളുകളിലെ ബോധവത്ക്കരണത്തിന് 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം.

സാമൂഹിക, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ബോധവൽക്കരണത്തിന് ലഘു ചിത്രങ്ങളും വീഡിയോയും നിർമ്മിക്കും. സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ, നാടകം, ഫ്ളാഷ്‌മോബ്, മാജിക് എന്നിവയും സംഘടിപ്പിക്കും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണം തേടും.

മയക്കുമരുന്നിന്റെ വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ ഹെൽപ്പ് ലൈൻ നമ്പർ

ബസ്, ട്രെയിൻ മാറ്റു വാഹനങ്ങൾ വഴി മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താൻ പൊലീസ് നായ്ക്കളെ ഉപയോഗിക്കും

 മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡേറ്റാബേസ് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകും.

Advertisement
Advertisement