പുകക്കുഴൽ പോലും ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ പിഴയടിച്ച് കേരള പൊലീസ്

Friday 09 September 2022 3:06 PM IST

ഇലക്ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരിൽ പെറ്റിയടിച്ച് നൽകി മണ്ടത്തരത്തിന്റെ മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള പൊലീസ്. ആതർ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിച്ചയാളിനാണ് 250 രൂപയുടെ പെറ്റി. ഇലക്ട്രിക് സ്‌കൂട്ടറിന്റെയും, പെറ്റി ചെലാന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസിനാണ് അബദ്ധം പറ്റിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുകക്കുഴൽ പോലും ഇല്ലാത്ത സ്‌കൂട്ടറിന് പുകമലീനീകരണം നടത്തിയെന്നതിൽ പെറ്റിയടിച്ച പൊലീസിനെ ട്രോളുന്നവരുമുണ്ട്.

1988ലെ മോട്ടോർ വാഹന നിയമത്തിന്റെ 213(5)(ഇ) വകുപ്പ് പ്രകാരം റൈഡർക്ക് 250 രൂപ പിഴ ചുമത്തിയതായും രസീതിൽ പറയുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, കേരള പൊലീസിന്റെ പിഴയബദ്ധങ്ങൾ ഇതാദ്യമല്ല. കഴിഞ്ഞ ജൂലായിൽ മതിയായ ഇന്ധനമില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ചതിന് ഒരാൾക്ക് പിഴ ചുമത്തിയിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായി. അടുത്തിടെ ഉത്തർപ്രദേശിൽ കാർ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ സംഭവം ചർച്ചയായിരുന്നു.

Advertisement
Advertisement