അധികൃതരുടെ പിടിപ്പുകേടിൽ വലഞ്ഞ് അദ്ധ്യാപക വിദ്യാർത്ഥികൾ
തിരുവനന്തപുരം: കോഴ്സ് നീണ്ടുപോകുന്നതിനൊപ്പം പരീക്ഷയും വൈകുന്നതിന്റെ ആശങ്കയിലാണ് ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) 2020-22 ബാച്ച് വിദ്യാർത്ഥികൾ. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരം ഒക്ടോബർ 15നേ രണ്ട് വർഷത്തെ ഡി.എൽ.എഡ് കോഴ്സ് അവസാനിക്കുകയുള്ളൂ. കോളേജുകളിൽ ബിരുദ പ്രവേശന നടപടികൾ പലതും പൂർത്തിയായി കഴിഞ്ഞു. നാലാം സെമസ്റ്റർ പരീക്ഷ ആരംഭിക്കാത്തതിനാൽ ബിരുദ പഠനത്തിനായി ടി.സി നൽകാനാവില്ലെന്നാണ് അധികൃത പക്ഷം. കൊവിഡ് കാരണം 2020 ജൂലായിൽ തുടങ്ങേണ്ട ക്ളാസ് ആരംഭിച്ചത് 2021 ജനുവരിയിലാണ്. അധികൃതരുടെ അനാസ്ഥ കാരണം ഒരു വർഷം നഷ്ടമാകുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. കുട്ടികൾക്ക് ഉന്നത പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വേനലവധി ഒഴിവാക്കിയും ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയും കോഴ്സ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിറങ്ങിയെങ്കിലും ഒന്നും നടപ്പായില്ല.
200 പ്രവൃത്തിദിനം വേണമെന്നതാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) നിയമം. വേനലവധി ഒഴിവാക്കിയിട്ടും ഒക്ടോബറിൽ മാത്രമേ 200 പ്രവൃത്തിദിനങ്ങൾ പൂർത്തിയാകൂ എന്നാണ് എസ്.സി.ഇ.ആർ.ടി അധികൃതർ പറയുന്നത്. നിലവിലെ സ്ഥിതിയിൽ ഒക്ടോബർ 7 മുതൽ 15 വരെ നടക്കേണ്ട അവസാന പരീക്ഷയും അവതാളത്തിലാണ്. ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള ഉത്തരവ് പോലും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് എസ്.സി. ഇ.ആർ.ടിക്ക് ലഭിച്ചിട്ടില്ല. നവംബറിൽ മാത്രമേ പരീക്ഷയ്‌ക്ക് സാദ്ധ്യതയുള്ളൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന മറുപടി. അങ്ങനെയായാൽ 2022-24 ബാച്ചിന്റെ ക്ളാസുകൾ തുടങ്ങാൻ ഡിസംബറാകുമെന്ന് ചുരുക്കം. കൊവിഡ് കാരണം രണ്ട് വർഷം വൈകിയെന്ന് പറയുമ്പോൾ അധികൃതരുടെ പിടിപ്പുകേടു കാരണം വരും വർഷങ്ങളിലെ അദ്ധ്യാപക വിദ്യാർത്ഥികളെല്ലാം ദുരിതം അനുഭവിക്കേണ്ട സ്ഥിതിയിലാണ്. പ്രൈമറി സ്‌കൂൾ അദ്ധ്യാപകരാകാനായി പ്ളസ് ടു കഴിഞ്ഞ് ആറായിരത്തോളം പേരാണ് ഡി.എൽ.എഡ് കോഴ്സിലേക്ക് പ്രതിവർഷം പ്രവേശനം നേടുന്നത്.