വിവരാവകാശരേഖ നൽകിയില്ല, സർവകലാശാല ഉദ്യോഗസ്ഥന് പിഴ 25,000

Friday 09 September 2022 9:59 PM IST

തിരുവനന്തപുരം: വിവരാവകാശ രേഖ നൽകാത്തതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന പി. രാഘവന് 25,000 രൂപ പിഴ. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എൽ. വിവേകാനന്ദന്റേതാണ് ഉത്തരവ്. 30ദിവസത്തിനകം പിഴ അടയ്‌ക്കണം.

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഷനിലായ സൈക്കോളജി വിഭാഗം അദ്ധ്യാപകൻ ജോൺസനെതിരായ അന്വേഷണം കഴിയും വരെ സംഭവം റിപ്പോർട്ട് ചെയ്ത വകുപ്പ് മേധാവി പ്രൊഫ. ഇമ്മാനുവൽ തോമസ് കാമ്പസിൽ പ്രവേശിക്കുന്നത് സിൻഡിക്കേറ്റ് വിലക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഫയലുകളുടെ പകർപ്പാണ് പി. രാഘവൻ നൽകാൻ വിസമ്മതിച്ചത്. തുടർന്ന് പ്രൊഫ. ഇമ്മാനുവൽ നൽകിയ അപ്പീലിലാണ് കമ്മിഷന്റെ ഉത്തരവ്.

സർവീസിൽ നിന്ന് വിരമിച്ച രാഘവൻ സർവകലാശാലയിൽ സ്‌പെഷ്യൽ ഓഫീസർ തസ്തികയിലാണിപ്പോൾ. കേസ് ആദ്യം പരിഗണിച്ച മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ വിവരാവകാശ രേഖകൾ നൽകുന്നതിൽ സർവകലാശാലാ അധികാരികളുടെ ഭാഗത്ത് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന് കണ്ടെത്തുകയും ഗുരുതരമായ കൃത്യവിലോപം കാട്ടിയ ജോയിന്റ് രജിസ്ട്രാർ
പി. രാഘവനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ്.

വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പി.എസ്.സി നിയമന വിലക്കേർപ്പെടുത്തിയ സൈക്കോളജി വിഭാഗത്തിലെ അദ്ധ്യാപകൻ ഡോ. ജോൺസനെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവീസിൽ നിന്നും പിരിച്ചുവിട്ടെങ്കിലും അടുത്തകാലത്ത് തിരികെ സർവീസിൽ പ്രവേശിപ്പിക്കുകയും ഗവേഷണ ഗൈഡായി നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തുള്ള പ്രൊഫ.ഇമ്മാനുവൽ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഗൈഡ്ഷിപ്പ് റദ്ദാക്കി. പിന്നാലെ വിദ്യാർത്ഥിനികളുടെ പരാതി ഉയർന്നതോടെ മേധാവി ഇമ്മാനുവൽ വിഷയം സർവകലാശായിൽ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement