കാർ ബസിലിടിച്ച് ഒന്നര വയസുകാരൻ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

Saturday 10 September 2022 12:36 AM IST

അപകടം പഴനിയിൽ ദർശനത്തിന് പോകവേ

തിരുവനന്തപുരം: പഴനിയിൽ ദർശനത്തിന് പോയ പതിനൊന്നംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ തമിഴ്നാട്ടിലെ ഡിണ്ടിഗലിന് സമീപം ബസ്സുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. എട്ടു പേർക്ക് പരിക്കേറ്റു.

മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽവീട്ടിൽ അശോകന്റെ ഭാര്യ ശൈലജ (48), മകൻ അഭിജിത്തിന്റെ ഒന്നരവയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മയും ലാകോളേജ് ജീവനക്കാരിയുമായ ജയ (52) എന്നിവരാണ് മരിച്ചത്. ഡിണ്ടിഗൽ -പഴനി റോഡിൽ പണ്ണൈപ്പട്ടിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ആരവിന്റെ മുടിയെടുക്കുന്നതിനാണ് കുടുംബം പഴനിയിലേക്ക് പോയത്. കാറിന്റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാർ നാലുവരി റോഡിന്റെ മറുഭാഗത്ത് തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ്സിലിടിച്ച് തിരിഞ്ഞ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിന്റെ മുൻവശവും തകർന്നു. ഓടി​ക്കൂടി​യ നാട്ടുകാരാണ് ഡോർ തകർത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അശോകൻ (62), മക്കളായ അഭിജിത്ത് (28), അനീഷ് (26), ആദർശ് (24), അഭിജിത്തിന്റെ ഭാര്യ സംഗീത (27), മരിച്ച ജയയുടെ ചെറുമകൻ സിദ്ധാർത്ഥ് (9), മണക്കാട് കെ.എൻ.മണി റോഡിൽ ദേവൻ (20), ഡ്രൈവർ കണ്ണൻ എന്നിവരെ കന്നിവാടി പൊലീസും അഗ്നിരക്ഷാസേനയുമെത്തി മധുര, ഡിണ്ടിഗൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി നാട്ടിലെത്തിക്കും. പരേതനായ മനോഹരനാണ് ജയയുടെ ഭർത്താവ്. ശരണ്യയാണ് മറ്റൊരു മകൾ. മരുമകൻ: സെയ്ദ്.