ഐഫോൺ 14 പ്രോ: ഇന്ത്യയിൽ വിതരണം ഒക്‌ടോബറിൽ

Sunday 11 September 2022 2:14 AM IST

ന്യൂഡൽഹി: 'ആപ്പിൾ" പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐഫോൺ 14 സീരീസ് ഈമാസം ഇന്ത്യയിലെത്തും. സ്‌റ്റാൻഡേർഡ് മോഡലായ ഐഫോൺ 14ന്റെ ലോഞ്ചിംഗും വിതരണവും 16ന് നടക്കും. ഐഫോൺ 14 പ്രോ,​ ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയുടെ ലോഞ്ചിംഗും 16നാണെങ്കിലും വിതരണം അടുത്തമാസം മുതലാണ്.

14 പ്രോ ഒക്‌ടോബർ ആറിനും 12നും മദ്ധ്യേയും പ്രോ മാക്‌സ് ഒക്ടോബർ 12നും 18നും മദ്ധ്യേയുമാണ് വിതരണാരംഭം പ്രതീക്ഷിക്കുന്നത്. ഐഫോൺ 14 പ്ളസിന്റെ ലോഞ്ചിംഗും വിതരണവും ഒക്‌ടോബർ ഏഴിനാണ്. ഗോൾഡ്,​ സിൽവർ,​ ബ്ളാക്ക്,​ ബ്ളൂ,​ പർപ്പിൾ ഉൾപ്പെടെ ആകർഷക നിറഭേദങ്ങളും 128 ജിബി മുതൽ ഒരു ടിബിവരെ സ്‌റ്റോറേജും 6.1-6.7 ഇഞ്ച് സ്ക്രീൻശ്രേണികളും മികച്ച കാമറയുമടക്കം നിരവധി മികവുകളുമായാണ് ഐഫോൺ 14 സീരീസ് എത്തുന്നത്.

ഐഫോൺ 14ന് 79,​900 രൂപയും ഐഫോൺ 14 പ്ളസിന് 89,​900 രൂപയും 14 പ്രോയ്ക്ക് 1.29 ലക്ഷം രൂപയും പ്രോ മാക്‌സിന് 1.39 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്ന വില.