കേന്ദ്ര പദ്ധതി നീട്ടിയേക്കും,​ 6 മാസംകൂടി സൗജന്യഅരി,​ പദ്ധതി അവസാനിപ്പിച്ചാൽ  വിലക്കയറ്റമെന്ന് സംസ്ഥാനങ്ങൾ

Saturday 10 September 2022 10:48 PM IST

തിരുവനന്തപുരം: അരിവില കൂടുന്ന പശ്ചാത്തലത്തിൽ, പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം എല്ലാ മാസവും നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യൺ അന്നയോജന പദ്ധതി (പി.എം.ജി.കെ.വൈ) കേന്ദ്ര സർക്കാർ ആറു മാസത്തേക്കു കൂടി നീട്ടിയേക്കും. കേരളത്തിലെ 1.54കോടി പേർക്ക് പ്രയോജനം ലഭിക്കും.

ഈ മാസം അവസാനിക്കുന്ന പദ്ധതി നീട്ടിയില്ലെങ്കിൽ, വൻവിലക്കയറ്റം ഉണ്ടാവുമെന്ന ആശങ്കയറിയിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അതേസമയം കേരളം കത്തയച്ചിട്ടില്ല.

ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയേക്കും. പണപ്പെരുപ്പം ഉൾപ്പെടെയുള്ളവ പരിഗണിച്ചാവും അന്തിമ തീരുമാനം.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാ‌ചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നേട്ടമുണ്ടാകുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.

കൊവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. മുൻഗണനാ (പിങ്ക്, മഞ്ഞ) കാർഡിലുള്ള ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം ധാന്യം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആറു മാസത്തേക്കാണ് ആരംഭിച്ചതെങ്കിലും അഞ്ചുവട്ടം കാലാവധി നീട്ടി.

വിലക്കയറ്റം

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം അരിക്കും ഗോതമ്പിനും വില വർദ്ധിക്കുകയാണ് . കഴിഞ്ഞ മാസം കിലോഗ്രാമിന് 10 രൂപ വരെ വ‌ർദ്ധിച്ചിരുന്നു. ഇത് സാധാരണക്കാരെ ബാധിക്കാത്തത് റേഷൻ കടകളിൽ നിന്നു സൗജന്യമായി അരി ലഭിച്ചതുകൊണ്ടാണ്.

എല്ലാ മാസവും 90%ൽ അധികം പേർ സൗജന്യ ധാന്യം വാങ്ങുന്നുണ്ട്.

80 കോടി ജനങ്ങൾക്ക്

പ്രയോജനം

കേന്ദ്ര സർക്കാർ ഇതുവരെ ചെലവഴിച്ചത്- 3.40 ലക്ഷം കോടി രൂപ

അടുത്ത ആറു മാസത്തേക്ക് വേണ്ടത്: 80 ,000 കോടി രൂപ

ഗുണഭോക്താക്കൾ: 80 കോടി

കേരളത്തിൽ ഒരു മാസം കിട്ടുന്ന ധാന്യം 7.74 കോടി കിലോഗ്രാം