ഗുരുദേവ ദർശനങ്ങൾ മൃതസഞ്ജീവനി: തുഷാർ

Saturday 10 September 2022 11:39 PM IST

ആലപ്പുഴ: മതാന്ധതയും വൈരവും സൃഷ്ടിച്ച് ജനങ്ങളെ വിഭാഗീയതയിലാഴ്‌ത്തി മുതലെടുക്കുന്ന വർഗ്ഗീയ ശക്തികളെ നേരിടാനുള്ള മൃതസഞ്ജീവനിയാണ് ശ്രീനാരായണ ഗുരുദേവന്റെ മഹിത ദർശനമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 168-ാമത് ചതയ ദിനാഘോഷ സന്ദേശത്തിലാണ് തുഷാർ ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ പൊതു മനസിലേക്ക്‌ ഗുരുവിന്റെ പവിത്ര ദർശനം ആഴത്തിലെത്തിക്കാൻ ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് മഹാഗുരു പഠിപ്പിച്ചത്. ആത്മീയതയിലേക്ക് ഒരു ജനതയെ നയിക്കുമ്പോൾത്തന്നെ മനുഷ്യ സമൂഹത്തെ ഭൗതികതയുടെ ലോകത്തേക്ക് എത്തിക്കാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും മഹാഗുരു ഉദ്ബോധിപ്പിച്ചു. ആത്മീയതയും ആധുനികതയും സമഞ്ജസിപ്പിക്കുകയാണ് ഗുരുദേവൻ ചെയ്തത്. ഗുരുവിനെ ആഴത്തിലറിയാൻ ഗുരുദേവന്റെ കൃതികൾ എല്ലാ സംസ്ഥാനങ്ങളിലെയും പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. ഏക ലോക വ്യവസ്ഥിതിയിലാണ്ട ഒരു ജനതയെ സൃഷ്ടിക്കാനും അതിലൂടെ സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി നമ്മുടെ രാജ്യത്തെ മാറ്റാനും ശ്രീ നാരായണീയർ ദൃഢപ്രതിജ്ഞയോടെ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement