ലത്തീൻ സഭയ്ക്ക് മുന്നിൽ സർക്കാരിന്റെ മുട്ടിടിക്കുന്നു: വെള്ളാപ്പള്ളി

Sunday 11 September 2022 12:33 AM IST

പത്തനംതിട്ട : വിഴിഞ്ഞം സമരത്തിൽ ലത്തീൻ സമുദായക്കാർ ഒന്നിച്ച് നിന്ന് ശക്തി കാട്ടിയപ്പോൾ സർക്കാർ മുട്ടിടിച്ചു നിൽക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച ചതയദിന ഘോഷയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം പ്രഖ്യാപിച്ച ലത്തീൻ സമുദായം ഉന്നയിച്ച പത്ത് ആവശ്യങ്ങളിൽ ഒൻപതും അംഗീകരിച്ചുകൊടുത്തു. ഹാർബർ നിർമാണം നിറുത്തിവച്ച് പഠനം നടത്തണമെന്ന ഒറ്റ ആവശ്യം മാത്രമാണ് സർക്കാർ സമ്മതിക്കാതിരുന്നത്. എന്നാൽ, പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന് സർക്കാർ പറഞ്ഞത് പത്തിൽ ഒൻപതര ആവശ്യവും അംഗീകരിച്ചതിന് തുല്ല്യമാണ്. സംഘടിച്ച് ശക്തരായാൽ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നാണ് ഇക്കാര്യം നമ്മെ ഒാർമിപ്പിക്കുന്നത്. ഇത് താൻ പറയുമ്പോൾ ജാതി പറയുന്നുവെന്ന് ആക്ഷേപിക്കും.

കുറച്ചുനാൾ കഴിയുമ്പോൾ എൽ.ഡി.എഫ് ഇൗഴവർക്ക് അന്യമാകും. ആദർശ രാഷ്ട്രീയം കൊണ്ട് നാട് ഭരിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫിന് മനസിലായി. കോൺഗ്രസിൽ ഇപ്പോൾ ഇൗഴവ നേതാവായിട്ട് ഒരാളേയുള്ളൂ.

ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങി

ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സംഘടിച്ച് ശക്തരാകണമെന്ന് ഗുരുദേവൻ നമ്മോടു പറഞ്ഞിട്ട് തൊണ്ണൂറ്റിഒൻപത് വർഷമായി. ഇൗഴവർ സംഘടിക്കാത്തതുകൊണ്ട് വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹികനീതി ലഭിച്ചിട്ടില്ല. പതിനേഴ് ശതമാനമുള്ള സമുദായത്തിന് ഒരു ജില്ല അനുവദിച്ചുകൊടുത്ത നാടാണിത്. ഇരുപത്തെട്ട് ശതമാനമുള്ള ഇൗഴവർക്ക് കിട്ടിയത് ഒരു കോളേജ്. ഉമ്മൻചാണ്ടി സർക്കാർ കുറേ സ്വാശ്രയ കോളേജ് അനുവദിച്ചെങ്കിലും നല്ല കോഴ്സുകളൊന്നും തന്നില്ല. ഇൗഴവർക്ക് തന്നതിനേക്കാൾ ഇരട്ടിയിലേറെ കോഴ്സുകൾ മറ്റു സമുദായങ്ങൾക്ക് കൊടുത്തു. തൊഴിലുറപ്പ് പണി മാത്രമാണ് ഇൗഴവർക്ക് ലഭിച്ചത്. അതിലും എത്ര ശതമാനം ഇൗഴവർ ഉണ്ടെന്ന് കണക്കെടുക്കണം. പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നോക്ക സംവരണമന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോർജ്, കെ.യു.ജനീഷ് കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ, യൂണിയൻ ഭാരവാഹികളായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ, എസ്.സജിനാഥ്, പി.വി.രണേഷ്, സുശീലാശശി, സരള പുരുഷോത്തമൻ, കെ.ആർ.സലിലനാഥ്, സി.കെ.സജീവ്, ശ്രീജുസദൻ, എസ്.ഹരിലാൽ, ബീന സജിനാഥ്, മനുരാജ് തുടങ്ങിയവർ സംസാരിച്ചു.

വീണ മിടുക്കിയായ മന്ത്രി, ജനീഷ് ജനകീയൻ

വീണാജോർജ് മിടുക്കിയായ മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. മന്ത്രി വേദിയിലിരിക്കെയാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇഷ്ടമില്ലാത്തവർ തൊട്ടതെല്ലാം കുറ്റം എന്ന പോലെ, പട്ടി കടിച്ചാൽ വീണാജോർജ് കടിച്ചതുപോലെയാണ് പറയുന്നത്. മുങ്ങി മരിച്ചാലും പേമാരി വന്നാലും കുറ്റം വീണാ ജോർജിനാണ്. എം.എൽ.എ ആയി മിടുക്ക് തെളിയിച്ചതുകൊണ്ടാണ് വീണ വീണ്ടും ജയിച്ചത്. മന്ത്രിയായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീണാ ജോർജ് തൊടുന്നതെല്ലാം കുഴപ്പമെന്നാണ് പ്രചരിപ്പിക്കുന്നത്.

കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ ജനകീയനായ നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജനീഷിനെ ഇനി തകർക്കാൻ കഴിയില്ല. കോന്നി ഇനിയാരും നോക്കേണ്ട കാര്യവുമില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും വികസനം കൊണ്ടുവരികയും ചെയ്യുന്നതുകൊണ്ടാണ് ജനീഷ് വീണ്ടും ഗംഭീര വിജയം നേടിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement