നീരജ് ദേശീയ ഗെയിംസിനില്ല

Sunday 11 September 2022 1:37 AM IST

ന്യൂഡൽഹി: ഗുജറാത്ത് വേദിയാകുന്ന ഇത്തവണത്തെ ദേശീയ ഗെയിംസിൽ നിന്ന് ജാവലിൻ ത്രോയിലെ ഇതിഹാസ താരം നീരജ് ചോപ്ര പിന്മാറി. തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുത്തതിനാൽ വിശ്രമത്തിനായാണ് താരം ദേശീയ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുന്നത്. സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ 12 വേദികളിലായാണ് ദേശീയ ഗെയിംസ നടക്കുന്നത്. ദേശീയ ഗെയിംസിൽ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. സീസണിൽ മികച്ച ഫോമിലായിരുന്ന നീരജ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഡയമണ്ട് ലീഗ് ഫൈനൽസിൽ ചാമ്പ്യനുമായിരുന്നു.

ഷെഡ്യൂൾ അനുസരിച്ച് ഡയമണ്ട് ലീഗാണ് ഈ സീസണിലെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയതി ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകൻ ക്ലോസ് ബർട്ടോണിറ്റ്‌സ് എന്നോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. അടുത്ത സീസണിൽ ഏഷ്യൻ ഗെയിംസും ലോകചാമ്പ്യൻഷിപ്പും ഉണ്ട്. അതിനായി തയ്യാറെടുക്കണം. അതിനാൽ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നില്ല. - നീരജ് പറഞ്ഞു.

Advertisement
Advertisement