ടെക്നോപാർക്കിൽ "ബാൻഡ് എയ്ഡ്​" ബിരിയാണി! രംഗൊലി വീണ്ടും അടപ്പിച്ചു

Wednesday 12 June 2019 1:15 PM IST

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഒരു ഭക്ഷണക്കടയിൽ വിളമ്പിയ ബിരിയാണിയിൽക്കണ്ടത് മുറിവുപൊതിഞ്ഞ ബാൻഡ് എയ്ഡ്. നിള മന്ദിരത്തിലെ രംഗൊലിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിക്കാൻ ചെന്ന ഐ.ടി. ജീവനക്കാരനാണ് ഈ ദുരനുഭവം. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പാർക്ക് സെന്ററിൽ പരാതി കൊടുത്തതിനെത്തുടർന്ന് രംഗൊലി അനിശ്ചിതകാലത്തേക്ക് പൂട്ടിച്ചു.

ഇന്നലെ ഇവിടെ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐ.ടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമയുടെ പ്രതികരണം. ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.

തുടർന്ന് താൽക്കാലികമായി ഭക്ഷണക്കട അടച്ചിരുന്നു. വൃത്തിയാക്കിയെന്നു വരുത്തിത്തീർത്ത് നടത്തിപ്പുകാർ വീണ്ടും തുറക്കുകയും കാര്യങ്ങൾ പഴയ പടിയാകുകയും ചെയ്തു. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെപ്പറ്റി പരിഗണനയില്ലാത്ത ആളുകളെ ടെക്നോപാർക്കിലെ ഭക്ഷണക്കടകളുടെ നടത്തിപ്പിൽ നിന്ന് സ്ഥിരമായി മാറ്റണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു.

പത്തുദിവസം മുമ്പ് ടെക്നോപാർക്കിനു മുന്നിൽ റോഡരികിലുള്ള ഒരു സ്വകാര്യ കടയിൽ നിന്ന് ആഹാരംകഴിച്ച അൻപതോളം ഐ.ടി. ജീവനക്കാർ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളെത്തുടർന്ന് ചികിത്സതേടിയിരുന്നു. എട്ടുമാസം മുൻപ് ടെക്നോപാർക്ക് വളപ്പിലും പുറത്തുമുള്ള കടകളിൽ നിന്ന് ഭക്ഷണം കഴിച്ച നാന്നൂറോളംപേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.