കെ.എസ്.ആർ.ടി.സി: സിംഗിൾ ഡ്യൂട്ടി മൂന്ന് മാസത്തിനകം പൂർണ്ണമാക്കും

Monday 12 September 2022 12:14 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്ന് മുതൽ

ഘട്ടം ഘട്ടമായി നടപ്പാക്കും. മൂന്നു മാസത്തിനുള്ളിൽ പൂർണ്ണമാക്കും.ഡ്യൂട്ടി ക്രമം സംബന്ധിച്ച അന്തിമ തീരുമാനം 16ന് നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടാകും. അന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായും മാനേജ്മെന്റ് ചർച്ച നടത്തിയേക്കും.

ചെലവ് ചുരുക്കുന്നതിന് സിംഗിൾ ഡ്യൂട്ടി ഉൾപ്പടെ സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിച്ചതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശ്ശിക ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചത്. 100 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലും ഡ്യൂട്ടി പരിഷ്‌കരണം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ആവർത്തിച്ചിരുന്നു.സർക്കാരിന്റെ നിർവചനത്തിൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂർ സമയത്തിനുള്ളിലെ എട്ടു മണിക്കൂർ ജോലിയാണ്. തൊഴിലാളി സംഘടനകൾക്ക് ഇതിനോട് വിയോജിപ്പുണ്ട്. ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷവും ടി.ഡി.എഫ്, ബി.എം.എസ് നേതാക്കൾ പറഞ്ഞത്.

ഡ്യൂട്ടി പ്ലാൻ

ഇങ്ങനെ

ഓരോ ഡിപ്പോയിലെയും ഷെഡ്യൂളുകൾക്കനുസരിച്ച് ഡ്യൂട്ടി ക്രമീകരിക്കും

യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ പരമാവധി ബസുകൾ ഓടിക്കും.

തിരക്ക് കുറയുന്ന പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ ബസ് സർവീസ് കുറയും.

ഈ സമയം ജീവനക്കാർക്ക് വിശ്രമം .

ഉച്ചയ്ക്ക് തുടങ്ങി അടുത്ത ദിവസം അവസാനിക്കുന്ന നൂൺ ടു നൂൺ ഡ്യൂട്ടികളും.

''. ദീർഘദൂര ബസുകളിൽ ക്രൂ ചെയിഞ്ചിംഗ് അല്ലെങ്കിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി പൂർണ്ണമാക്കും''- -ആന്റണി രാജു,​

ഗതാഗതമന്ത്രി

Advertisement
Advertisement