'സ്പെഷ്യൽ ഡ്രൈവ്' വലയിൽ വീണത് 217 പേർ, 936 കേസ്

Monday 12 September 2022 1:22 PM IST

കൊച്ചി: 34 ദിവസം നീണ്ട എക്‌സൈസിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 217 പേർ. നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിനാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 717 എണ്ണം. 116 അബ്കാരി കേസുകളും 103 മയക്കുമരുന്നു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈമാസം അഞ്ചിനാണ് സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. പരിശോധന ഇന്ന് പൂർത്തിയാകും. എല്ലാ എക്സൈസ് സ്റ്റേഷനുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു.

ഹെറോയിനുൾപ്പെടെയുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ പിടികൂടിയത് ഗൗരവത്തോടെയാണ് എക്സൈസ് കാണുന്നത്. ഇതരസംസ്ഥാന തൊഴിലാളികളേയും മറ്റും ഉപയോഗിച്ചാണ് ഇവ ജില്ലയിൽ എത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. സിന്തറ്റിക് ലഹരി മരുന്നുകൾ വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ അതിർത്തികളിൽ പരിശോധന കടുപ്പിക്കാനാണ് തീരുമാനം. പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ സഹായത്തോടെയാണ് ഡ്രൈവ് നടത്തിയത്.

 സ്പിരിറ്റും പിടികൂടി

ജില്ലയിൽ 360 ലിറ്റർ വ്യാജ സ്പിരിറ്റാണ് ഇക്കാലയളവിൽ പിടികൂടിയത്. പുത്തൻവേലിക്കരയിൽ നിന്നാണ് വ്യാജ സ്പി​രിറ്റ് പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 99.5 ലിറ്റർ ചാരായവും 1815ലിറ്റർ വാഷും 448.998 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

 പിടികൂടിയവ

• കഞ്ചാവ് - 26.96 കിലോ

• കഞ്ചാവ് ചെടി - 4 എണ്ണം

• എം.ഡി.എം.എ - 43.49 ഗ്രാം

• ഹെറോയിൻ - 105.21 ഗ്രാം

• ഹാഷിഷ് ഓയിൽ - 1.20 ഗ്രാം

• ബ്രൗൺ ഷുഗർ - 0.14 ഗ്രാം

• ചന്ദനത്തടി - 2.97 കിലോ ഗ്രാം

• നൈട്രോസെപ്പാം - 40 മില്ലി ഗ്രാം

• പുകയില ഉത്പന്നം - 286 കിലോ ഗ്രാം

....................................

ലഹരിക്കടത്ത് തടയാൻ ശക്തമായ പരിശോധനകൾ തുടരും. നേരത്തെ മയക്കുമരുന്ന് കേസുകളിൽ കുടുങ്ങിയവരെല്ലാം എക്സൈസിന്റെ നിരീക്ഷണത്തിലാണ്

ആർ.ജയകൃഷ്ണൻ, ഡെപ്യൂട്ടി കമ്മിഷണർ, എക്സൈസ്

Advertisement
Advertisement