ഡിണ്ടിഗൽ അപകടം: മരണം നാലായി; മരിച്ചത് 9 വയസുകാരൻ സിദ്ധാർത്ഥ്

Monday 12 September 2022 12:07 AM IST

തിരുവനന്തപുരം: പഴനിയിൽ മുടിമുറിക്കൽ ചടങ്ങിനുപോയ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. മധുര മെഡി. കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒൻപതുവയസുകാരൻ സിദ്ധാർത്ഥാണ് മരിച്ചത്. അപകടത്തിൽ മരിച്ച ജയയുടെ മകൾ ശരണ്യയുടെയും തെങ്കാശി പുളിങ്കുടി സ്വദേശി സെയ്‌ദിന്റെയും മകനാണ് സിദ്ധാർത്ഥ്. മണക്കാട് ജവഹർ സ്കൂളിലെ മൂന്നാംക്ളാസ് വിദ്യാർത്ഥിയായിരുന്നു. ഹോട്ടൽ തൊഴിലാളിയായ സെയ്ദ് ശരണ്യയെ വിവാഹം കഴിച്ചശേഷം ജയയുടെ കുടുംബത്തിനൊപ്പമാണ് താമസം. സിദ്ധാർത്ഥിന്റെ സംസ്കാരം തെങ്കാശി പുളിങ്കുടിയിലെ പള്ളിയിൽ നടന്നു. അപകടത്തിൽ മരിച്ച മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽവീട്ടിൽ ശൈലജ (48), മകൻ അഭിജിത്തിന്റെയും സംഗീതയുടെയും ഒന്നര വയസുള്ള മകൻ ആരവ്, സംഗീതയുടെ അമ്മ ജയ (52) എന്നിവരുടെ മൃതദേഹം ഇന്നലെ രാവിലെ 10ഓടെ കുര്യാത്തിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കാരം നടന്നു. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംഗീതയെ മകൻ ആരവിന്റെ മരണവിവരം അറിയിച്ചിട്ടില്ല. മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ അഭിജിത്ത് നിലവിളിച്ചപ്പോൾ കണ്ടുനിന്നവർക്കു പോലും ആശ്വസിപ്പിക്കാനായില്ല. അഭിജിത്തിന്റെ അച്ഛൻ അശോകന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ തുടരുകയാണ്. അഭിജിത്തിന്റെ സഹോദരൻ അനീഷിന്റെയും മണക്കാട് കെ.എൻ മണി റോഡിൽ ദേവന്റെയും ശസ്ത്രക്രിയ ഇന്ന് നടക്കും. അഭിജിത്ത്, സഹോദരനായ ആദർശ്, ഡ്രൈവർ കണ്ണൻ എന്നിവർ അപകടനില തരണം ചെയ്തു.

 അമ്മൂമ്മയുടെ സിദ്ധുമോൻ

അമ്മയെക്കാൾ സിദ്ധുവിന് പ്രിയം അമ്മൂമ്മ ജയയോടായിരുന്നു. കാക്കാമൂല സ്വദേശികളായ ജയയും കുടുംബവും മണക്കാട് വലിയപള്ളിക്ക് സമീപം വാടകയ്ക്ക് എത്തിയിട്ട് രണ്ടുമാസമായതേ ഉള്ളുവെങ്കിലും സിദ്ധു പ്രദേശവാസികൾക്ക് പ്രയങ്കരനായിരുന്നു. സംഗീത മൂത്തമകനെപ്പോലെയാണ് സിദ്ധുവിനെ നോക്കിയതും വളർത്തിയതും. അതുകൊണ്ടുതന്നെയാണ് ആരവിന് മുടിയെടുക്കാൻ പഴനിക്ക് പോകുമ്പോൾ ഏറ്റവുമാദ്യം അവൻ റെഡിയായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ധാർത്ഥ് ഒരിക്കൽപ്പോലും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നില്ല.

Advertisement
Advertisement