സൗപർണികയിൽ മലവെള്ളപ്പാച്ചിലിൽ മകനെ രക്ഷിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

Sunday 11 September 2022 11:37 PM IST

മകനും ഭർത്താവും രക്ഷപ്പെട്ടു

തിരുവനന്തപുരം: കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്തെ സൗപർണികാ നദിയിൽ മലവെള്ളപ്പാച്ചിൽ മുങ്ങിത്താണ മകനെ രക്ഷിക്കാൻ ഭർത്താവിനൊപ്പം ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. വിളപ്പിൽശാല ചക്കിട്ടപ്പാറ 'പൂരം' നിവാസിൽ ചാന്ദിനി ശേഖറാണ് (സന്ധ്യ, 41) ശനിയാഴ്‌ച വൈകിട്ട് അപകടത്തിൽ പെട്ടത്. ഞായറാഴ്‌ച വൈകിട്ട് കാട്ടിൽ സൗപർണികയുടെ സമീപം ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട മകൻ ആദിത്യനെ രക്ഷിക്കാനാണ് ഭർത്താവ് മുരുകന്റെ ഒപ്പം സന്ധ്യയും നദിയിലേക്ക് ഇറങ്ങിയത്. അച്‌ഛനും മകനും പാറക്കെട്ടുകളിൽ പിടിച്ചു രക്ഷപ്പെട്ടു. നീന്തലറിയാമായിരുന്നിട്ടും ചാന്ദിനി ശക്തമായ ഒഴുക്കിൽ മുങ്ങിപ്പോയി. മഴക്കാലത്ത് സൗപർണികയിൽ മലവെള്ളപ്പാച്ചിലായിരിക്കും. ആറാട്ട് നടക്കുന്ന ഭാഗത്ത് ആഴം കൂടുതലും പാറക്കെട്ടുമാണ്. അവിടെ കയർ കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ ആദിത്യൻ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

ബന്ധുക്കളായ 15 അംഗ സംഘത്തിനൊപ്പം തിരുവോണ ദിനത്തിലാണ് ചാന്ദിനിയും കുടുംബവും ക്ഷേത്രദർശനത്തിന് പുറപ്പെട്ടത്. ഗുരുവായൂർ ദർശനം കഴിഞ്ഞ് ശനിയാഴ്‌ച രാവിലെ മൂകാംബികയിലെത്തി. ദർശനം കഴിഞ്ഞ് വൈകിട്ട് ചാന്ദിനിയുടെ നിർബന്ധം കാരണമാണ് സൗപർണികയിൽ പോയത്. അപകടം കണ്ട ബന്ധു കൂടിയായ വിളപ്പിൽശാല സ്വദേശി വിക്രമൻ രക്ഷിക്കാനിറങ്ങിയെങ്കിലും പാറയിൽ തലയിടിച്ച് പരിക്കേറ്റു. ഇന്ന് വൈകിട്ട് മടങ്ങാനിരിക്കെയാണ് ദുരന്തം.

ശക്തമായ ഒഴുക്കും ചുഴിയുമുള്ളതിനാൽ സാഹസികമായാണ് തെരച്ചിൽ നടത്തിയത്. ഉഡുപ്പിയിൽ നിന്ന് സ്‌കൂബാ ഡൈവിംഗ് ടീം എത്തിയിരുന്നു.

പേയാട് 'മാസ്' എന്ന സ്റ്റിച്ചിംഗ് സെന്റർ നടത്തുകയാണ് ചാന്ദിനിയും പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ മുരുകനും. പിതാവ്: ചന്ദ്രശേഖർ. മാതാവ്: ശ്രീദേവി.സഹോദരൻ: ചന്ത്രുശേഖർ.